ലാവ്‌ലിന്‍ റിവിഷന്‍ ഹരജി: ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted on: May 19, 2016 12:06 am | Last updated: May 19, 2016 at 1:51 pm

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതിയുടെ ഉത്തരവിനെതിരെ സി ബി ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കക്ഷി ചേരുന്നതിന് സംസ്ഥാന സര്‍ക്കാരിനും കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തിരഞ്ഞടുപ്പിനു മുമ്പു തന്നെ ഈ ഹരജി വേഗത്തില്‍ കേട്ട് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹരജിക്ക് അതീവ പ്രാധാന്യം നല്‍കി തീര്‍പ്പാക്കേണ്ട സാഹചര്യമില്ലെന്നും കോടതിയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് രാജ വിജയരാഘവനാണ് ഇന്ന് വാദം കേള്‍ക്കുക.
ഇതിനിടെ കേസില്‍ കക്ഷി ചേരാന്‍ കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന്‍ ജേക്കബ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ലാവ്‌ലിന്‍ കമ്പനിയുടെ പ്രതിനിധിയായ ദിലീപ് രാഹുലനെ കേസില്‍ സി ബി ഐ പ്രതിയാക്കിയില്ലെന്നും ഇയാള്‍ക്കെതിരെ തെളിവ് നല്‍കാന്‍ തനിക്കുകഴിയുമെന്നും വ്യക്തമാക്കിയാണ് ജീവന്‍ കക്ഷി ചേരാന്‍ ഹരജി നല്‍കിയിട്ടുള്ളത്. അവന്ത് ഹോള്‍ഡിംഗ്‌സ് എന്ന ബഹുരാഷ്ട്ര സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അന്തോണിയോ വര്‍ഗീസിന്റെ ഭാര്യ ഷാലറ്റ് അന്തോണിയോവാണ് തനിക്ക് രേഖകള്‍ കൈമാറിയതെന്നും ഹരജിക്കാരന്‍ പറയുന്നു. ദിലീപ് രാഹുലനുമായി അടുപ്പമുണ്ടായിരുന്ന അന്തോണിയോവ് പിന്നീട് ഇയാളുടെ ശത്രുവായെന്നും തുടര്‍ന്ന് അന്തോണിയോവിനെ ദിലീപ് ദുബായിലെ ജയിലിലാക്കിയെന്നും ഹരജിയില്‍ വിശദീകരിക്കുന്നുണ്ട്. ദിലീപ് രാഹുലനുമായി അടുപ്പമുണ്ടായിരുന്ന കാലത്ത് ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും രേഖകളും അന്തോണിയോവിന്റെ കൈവശമെത്തിയിരുന്നു. പിന്നീട് അന്തോണിയോവ് ജയിലിലായതോടെ ദുബായിലെ വീടുമാറാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ രേഖകള്‍ ഷാലറ്റിന് ലഭിച്ചതെന്നും ഈ രേഖകളിലെ വസ്തുതകള്‍ പരിശോധിച്ചാല്‍ കേസിലെ കൂടുതല്‍വിവരങ്ങള്‍ വ്യക്തമാകുമെന്നും ഹരജിയില്‍ പറയുന്നു.