സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കരാറായി

Posted on: May 18, 2016 6:55 pm | Last updated: May 18, 2016 at 6:55 pm

ദോഹ: രാജ്യത്തെ രണ്ടു പ്രധാന സ്‌പോര്‍ട്‌സ് അറീനകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന് രാജ്യാന്തര കമ്പനിക്ക് കരാര്‍ അനുവദിച്ചു. രാജ്യത്തെ കായിക മേഖലയില്‍ സ്വാകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരിക എന്ന ആശയത്തിന്റെകൂടി ഭാഗമായാണ് കരാര്‍ നല്‍കിയത്. ലുസൈല്‍, അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍സ് അറീനകളുടെ നടത്തിപ്പാണ് സ്വാകാര്യ കമ്പനികള്‍ക്കു നല്‍കുന്നതെന്ന് കായിക മന്ത്രാലയം അറിയിച്ചു.
ഖത്വറിലെ ഇലാന്‍ ഗ്രൂപ്പും യു എസ് ലൈഫ് നാഷന്‍ കമ്പനിയും ചേര്‍ന്നുള്ള സംരംഭമാണ് കരാര്‍ നേടിയത്. സ്വകാര്യ മേഖലക്ക് കായിക രംഗത്ത് നിക്ഷേപം നടത്തുന്നതിനും അതുവഴി സുസ്ഥിരവും നൂതനവുമായ പദ്ധതികളും സംരംഭങ്ങളും രാജ്യത്തു കൊണ്ടു വരികയുമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കരാര്‍ ക്ഷണിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് മന്ത്രാലയം അറിയിപ്പു നടത്തിയത്. രാജ്യത്തു നിന്നും പുറത്തു നിന്നുമായി 15 കമ്പനികളാണ് രംഗത്തു വന്നത്. എന്നാല്‍ ഫെബ്രുവരി 22ന് ബിഡ് സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ നാലു കമ്പനികള്‍ മാത്രമാണ് സന്നദ്ധമായത്. രാജ്യത്തെ കായിക സൗകര്യങ്ങള്‍ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായുള്ള വളര്‍ച്ചക്കുവേണ്ടിയാണ് വികസിപ്പിക്കുന്നതെന്ന് കായിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍ അലി പറഞ്ഞു. ലോകകപ്പിനു വേണ്ടി എസ് സിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യാന്തര ടൂര്‍ണമെന്റുകളെല്ലാം രാജ്യത്തെ കായിക മേഖലക്ക് ഉണര്‍വുണ്ടാക്കും. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി സ്വകാര്യമേഖയെക്കൂടി പങ്കാളികളാക്കുക എന്ന ആശയത്തിലാണ് വന്‍കിട പദ്ധതികള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത്.
രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം തയാറാക്കി വിശദമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പ്രധാന അറീനകള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ കായിക മത്സരങ്ങളും പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നതിന് സന്നദ്ധമാകണം. കുടബംങ്ങള്‍ക്കുള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങളില്‍ സജ്ജീകരിക്കും. ഈ മേഖലയില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനച്ചലവ് കുറക്കുക കൂടി സ്വകാര്യവത്കരണത്തിന്റെ ലക്ഷ്യമാണ്. ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് ഉള്‍പ്പെടെ രാജ്യത്തെ മറ്റു സ്‌പോര്‍ട്‌സ് സൗകര്യങ്ങളും പദ്ധതികളും സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു വേണ്ടിയുള്ള പഠനങ്ങള്‍ നടന്നു വരുന്നതായും ലോകകപ്പിനു മുന്നോടിയായി വിവിധ പദ്ധതികള്‍ സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.