മസ്‌കത്തിലും പരിസരങ്ങളിലും താമസ കെട്ടിടങ്ങുടെ വാടക ഇടിഞ്ഞു

Posted on: May 18, 2016 3:05 pm | Last updated: May 18, 2016 at 3:05 pm

muscatമസ്‌കത്ത്:തലസ്ഥാന നഗരിയിലും പരിസരങ്ങളിലും താമസ സ്ഥലങ്ങളുടെ വാടകയില്‍ ഇടിവ്. വര്‍ഷത്തിലെ ആദ്യ നാല് മാസത്തെ കണക്ക് പ്രകാരമാണിത്. നിലവിലെ സാമ്പത്തിക സ്ഥിതിയാണ് വാടക കുറയുന്നതിനിടയാക്കിയതെന്നും ക്ലട്ടണ്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിസല്‍ പറയുന്നു. ശരാശരി താമസ കെട്ടിട വാടകാ നിരക്കില്‍ 5.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില്ലകള്‍ക്കാണ് വാടക ഇനത്തില്‍ വന്‍ കുറവുണ്ടായിരിക്കുന്നത്. ശരാശരി വില്ലകളുടെ മാസ വാടക 1,004 റിയലാണ്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസത്തെ അപേക്ഷിച്ച് വില്ലകളുടെ വാകടയില്‍ 14.1 ശതമാനത്തിന്റെ കുറവ്. എണ്ണ, പ്രകൃതി വാതക മേഖലയിലെ പതനം വാടക കുറയാന്‍ ഇടയാക്കി.

അടുത്ത ആറ് മുതല്‍ 12 മാസം വരെ ഈ അവസ്ഥ തുടരുമെന്നും വാടക ഉയരാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് താമസ സ്ഥലങ്ങളുടെ വാടകയില്‍ പത്ത് ശതമാനം വരെ ഇടിവുണ്ടാകും. വരുമാനം കുറഞ്ഞതോടെ വാടക കുറഞ്ഞ കെട്ടിടങ്ങള്‍ തേടി ആളുകള്‍ നീങ്ങിത്തുടങ്ങിയതോടെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ അടക്കം വാടക കുറക്കുകയായിരുന്നു. പുതിയ കെട്ടിടങ്ങള്‍ അടക്കം നിരവധി ബില്‍ഡിംഗുകളില്‍ വാടകക്ക് താമസക്കാരെ ലഭിക്കാത്ത സാഹചര്യമാണ്. ഉയര്‍ന്ന നിരക്ക് ഈടാക്കിയിരുന്ന കെട്ടിടങ്ങള്‍ എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടും വാടക 500 മുതല്‍ 200 റിയാല്‍ വരെ വാടക കുറച്ച് നല്‍കേണ്ടി വരികയാണ്.
റൂവി, ഹമരിയ്യ, വാദി കബീര്‍ എന്നീ ഭാഗങ്ങളില്‍ താമസിച്ചിരുന്നവര്‍ ആമിറാത്ത്്, വാദി ഹത്താത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നതും സ്ഥിരമായിട്ടുണ്ട്്. ഈ പ്രദേശങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ വന്നതും ഈ കെട്ടിടങ്ങളില്‍ കുറഞ്ഞ മാത്രം ഈടാക്കുന്നതുമാണ് ഇത്തരക്കാരെ ഇങ്ങോട്ട് താമസം മാറാന്‍ പ്രേരിപ്പിക്കുന്നത്. ചില കമ്പനികളുടെ താമസ കേന്ദ്രങ്ങള്‍ റൂവിയില്‍ നിന്നും മറ്റു ഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തു.