ഹോട്ടല്‍ ഭക്ഷണത്തിന് ബില്‍ നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

Posted on: May 18, 2016 9:29 am | Last updated: May 18, 2016 at 9:29 am

തിരുവനന്തപുരം: ഹോട്ടലുകളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ബില്‍ നല്‍കണമെന്ന ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ കെ എസ് സുധീരന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ബില്‍ കൗണ്ടറില്‍ വാങ്ങി വെക്കാറാണ് പതിവ്. പാഴ്‌സല്‍ വാങ്ങുമ്പോഴും ബില്‍ ലഭിക്കാറില്ല. പലപ്പോഴും ആവശ്യപ്പെടുന്ന സാധനമല്ല പാഴ്‌സലായി ലഭിക്കാറുള്ളത്. ബില്‍ ഇല്ലാത്തതിനാല്‍ പിന്നീട് കടയില്‍ ഇക്കാര്യം ഉന്നയിക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു.
മീന്‍കറി വാങ്ങുമ്പോള്‍ ബീഫ് പാഴ്‌സലായി ലഭിച്ച അനുഭവം പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ബീഫ് കഴിക്കാത്തത് കാരണം രാത്രി പട്ടിണി കിടക്കേണ്ടിവന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍ പരാതി നല്‍കാമെന്ന് കരുതിയാല്‍ ബില്ലില്ലാത്തിനാല്‍ തെളിവില്ലെന്നും പരാതിയില്‍ പറയുന്നു. ഉപഭോക്താവിന് ബില്‍ നിര്‍ബന്ധമായും നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.