ഉത്സവത്തിന് വെടിക്കെട്ടും ആനയും എന്തിന്? ഹൈക്കോടതി

Posted on: May 18, 2016 6:00 am | Last updated: May 18, 2016 at 12:00 am

കൊച്ചി: വെടിക്കെട്ടും ആനയുമില്ലാതെ മതവിശ്വാസം പുലരില്ലേയെന്ന് ഹൈക്കോടതി. മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലെന്നും ഏത് മതമാണ് ആഘോഷങ്ങള്‍ക്ക് ആനയും വെടിക്കെട്ടും നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്നും ജസ്റ്റിസ് പി ഉബൈദ് ചോദിച്ചു. ബാഹ്യ സമ്മര്‍ദങ്ങള്‍ കാരണം ഇവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് ഭയമാണെന്നും എന്നാല്‍, കോടതിക്ക് ഭയമില്ലെന്നും പരവൂര്‍ വെടിക്കെട്ട് ദുരന്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി വ്യക്തമാക്കി.
ലക്ഷങ്ങളും കോടികളുമാണ് ഉത്സവ ആഘോഷങ്ങളുടെ വെടിക്കെട്ടിനായി ചെലവഴിക്കുന്നത്. ഹിന്ദു- ക്രിസ്ത്യന്‍- ഇസ്‌ലാം മതങ്ങള്‍ ഉത്സവാഘോഷങ്ങള്‍ക്ക് വെടിക്കെട്ടും ആനയും വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് കോടതി ഓര്‍മപ്പെടുത്തി.
അതേസമയം, പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കൊലക്കുറ്റം പ്രതികള്‍ക്കെതിരെ എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. നിരോധിത രാസപദാര്‍ഥമായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചുള്ള മത്സര വെടിക്കെട്ടാണ് പരവൂരില്‍ നടന്നതെന്നും ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിന് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചത് ഗൗരവകരമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
കേസിന്റെ അന്വേഷണ പുരോഗതിയും ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെതടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ജാമ്യാപേക്ഷകള്‍ ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.