എന്തുകൊണ്ട് ആ ഉത്തരവ് ഇറങ്ങിയില്ല?

Posted on: May 18, 2016 6:00 am | Last updated: May 17, 2016 at 11:42 pm

വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഉത്തരവിറക്കാതെ വീഴ്ച വരുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. മന്ത്രിസഭാ തീരുമാനത്തില്‍ 48 മണിക്കൂറിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം. എന്നാല്‍ വിദേശ സര്‍വകലാശാലയുടെ കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത് ലംഘിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ചു അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നത്.
ലോകത്തെ 23 രാജ്യങ്ങളില്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബി 220 മില്യന്‍ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളില്‍ ഒന്നുമാണ് . ഇംഗ്ലീഷ് കഴിഞ്ഞാല്‍ വാണിജ്യ തലത്തിലും തൊഴില്‍ മേഖലയിലും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അറബിയാണ്. ദശലക്ഷക്കണക്കിന് കേരളീയര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ പ്രധാനഭാഷയും അതുതന്നെ. സച്ചാര്‍ കമ്മിറ്റി നിര്‍ദേങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ രൂപവത്കരിച്ച പാലൊളി കമ്മിറ്റി അറബിക് സര്‍വകലാശാലക്ക് ശിപാര്‍ശ ചെയ്യുകയും 2008 ജൂണ്‍ ആറിന് അന്നത്തെ സര്‍ക്കാര്‍ ഇതു സംബന്ധിച്ചു ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറും ഇത് സ്ഥാപിക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ കെ എം മാണിയുടെ നേതൃത്വത്തിലുള്ള ധനവകുപ്പും ചീഫ്‌സെക്രട്ടറി ജിജി തോംസണും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ്‌സെക്രട്ടറി കെ എം എബ്രഹാമും ഇതിന് ഉടക്ക് വെച്ചു.
സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനെതിരെ ഈ രണ്ട് ഉദ്യോഗസ്ഥ മേധാവികളും കടുത്ത വിയോജിപ്പാണ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നത്. അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്നായിരുന്നു ഇവരുടെ പക്ഷം. സംസ്‌കൃത സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ ഉണ്ടാകാത്ത ധ്രുവീകരണം അറബിയുടെ കാര്യത്തില്‍ ഉണ്ടാകുമെന്ന കണ്ടെത്തലിന് പിന്നിലുള്ള അസുഖം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് സംബന്ധിച്ചു മന്ത്രി അബ്ദുര്‍റബ്ബും ഈ ഉദ്യോഗസ്ഥ പ്രമുഖരും തമ്മില്‍ ശീതയുദ്ധം നടന്നിരുന്നു. അവസാനം ഉദ്യോഗസ്ഥരുടെ ശാഠ്യത്തിന് മുമ്പില്‍ മന്ത്രി മുട്ടുമടക്കുകയും അറബിക് സര്‍വകലാശാലക്ക് പകരം വിദേശ ഭാഷാ സര്‍വകലാശാല എന്ന തീരുമനത്തിലെത്തുകയും ചെയ്തു. ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മലയാള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ ജയകുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറിയാണ്. ഇതിനായി മന്ത്രിസഭാ തീരുമാനത്തിന്റെ ഫയല്‍ ഫെബ്രുവരി 19ന് അദ്ദേഹത്തിന് കൈമാറിയതുമാണ്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി ഉത്തരവിറക്കുന്നത് അദ്ദേഹം താമസിപ്പിക്കുകയായിരുന്നു. നിര്‍ദിഷ്ട വിദേശഭാഷാ സര്‍വകലാശാലയില്‍ അറബിക്കാണ് പ്രാമുഖ്യമെന്നതായിരിക്കണം ഈ അവധാനതക്ക് കാരണം. വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടത് പോലെ, വര്‍ഗീയ താത്പര്യങ്ങള്‍ വെച്ചു മന്ത്രിസഭാ തീരുമാനങ്ങളെ അട്ടിമറിക്കുകയും നടപ്പാക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തേണ്ടതുണ്ട്. ഇത്തരം ഉദ്യോഗസ്ഥ മേധാവിത്വവും അഹന്തയും ജനാധിപത്യത്തെ അപകടപ്പെടുത്തും.
അതേസമയം 2011 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്ന അറബിക് സര്‍വകാലാശാല അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ നടപ്പാക്കാനാകാതെ പോയതില്‍ മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പങ്കുണ്ട്. അഞ്ചാം മന്ത്രി സ്ഥാനം പിടിച്ചു വാങ്ങുന്നതില്‍ പാര്‍ട്ടി കാണിച്ചിരുന്ന വീറും വാശിയും സര്‍വകലാശാലയുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ അതെന്നോ യാഥാര്‍ഥ്യമാകുമായിരുന്നു. സംസ്ഥാനത്ത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും രാഷ്ട്രീയ ധ്രുവീകരണത്തിന് വരെ വഴി തെളിയിക്കുകയും ചെയ്ത സംഭവമാണ് അഞ്ചാം മന്ത്രി വിവാദം. മന്ത്രിസഭയിലെ പ്രാതിനിധ്യ പ്രശ്‌നത്തിനമെന്നതിനപ്പുറം സാമുദായിക ബലാബല പരീക്ഷണമെന്ന സ്‌ഫോടനാത്മകമായ നിലയിലേക്ക് അത് വളര്‍ന്നിട്ടും സമവായത്തിനോ വിട്ടുവീഴ്ചക്കോ വഴങ്ങാതിരുന്ന ലീഗ് പക്ഷേ അറബിക് സര്‍വകലാശാലയുടെ കാര്യത്തില്‍ തണുപ്പന്‍ മനോഭാവമാണ് സ്വീകരിച്ചത്. പാര്‍ട്ടി മനസ്സ് വെച്ചിരുന്നെങ്കില്‍ അറബിക് സര്‍വകലാശാല എന്ന പേരില്‍ തന്നെ സംസ്ഥാനത്ത് അത് നിലവില്‍ വരുമായിരുന്നു. അധികാര സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങുന്നതിലുള്ള ആവേശവും കാര്‍ക്കശ്യവും സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ പാര്‍ട്ടി കാണിക്കുന്നില്ലെന്ന ആരോപണത്തെ ബലപ്പെടുത്തുകയാണ് സര്‍വകലാശാല പ്രശ്‌നത്തിലെ പാര്‍ട്ടിയുടെ ഈ അയഞ്ഞ നിലപാട്.