വിനോദസഞ്ചാര രംഗത്ത് മുഖം മിനുക്കി റാസല്‍ ഖൈമയും ഫുജൈറയും

Posted on: May 17, 2016 8:12 pm | Last updated: May 18, 2016 at 7:18 pm
 ലേ മെറിഡിയന്‍ അല്‍ അഖ ബീച്ച് റിസോര്‍ട്ട്
ലേ മെറിഡിയന്‍ അല്‍ അഖ ബീച്ച് റിസോര്‍ട്ട്

വിനോദ സഞ്ചാര മേഖലയില്‍ ദുബൈയെപ്പോലെതന്നെ അബുദാബിയും ഷാര്‍ജയും ഇന്ന് രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എമിറേറ്റുകളാണ്. ഇപ്പോള്‍ റാസല്‍ ഖൈമയും ഫുജൈറയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു രംഗത്തു വന്നിട്ടുണ്ട്. വിനോദസഞ്ചാര രംഗത്ത് എമിറേറ്റുകളുടെ മുഖച്ഛായതന്നെ മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു.
ഫുജൈറയിലെയും റാസല്‍ ഖൈമയിലെയും സ്ഥലങ്ങള്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ഹോസ്പിറ്റാലിറ്റി ടൂറിസം മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഇരു എമിറേറ്റിലെ കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും നടത്തിയ പ്രോത്സാഹന പരിപാടികളും പ്രയത്‌നങ്ങളും ഏറെ വിജയം കണ്ടുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി ഇവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്.
പ്രകൃതിരമണീയമായ സ്ഥലങ്ങളും എമിറേറ്റുകളുടെ ഭൂമിശാസ്ത്രപരമായ സൗന്ദര്യവുമാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കാരണമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനും ദുബൈ ഹോള്‍ഡിംഗ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി തലവനുമായ ജെറാള്‍ഡ് ലോലെസ് പറഞ്ഞു. വിനോദസഞ്ചാര രംഗത്ത് ഒരു പ്രദേശം അതിന്റെ ലക്ഷ്യത്തിലേക്കെത്തുമ്പോള്‍ അതിന് ചുറ്റുമുള്ള നഗരങ്ങള്‍ ആ വസ്തുത മുതലെടുക്കാന്‍ തുടങ്ങും. ഇതോടെ ആ മേഖലയാകെ വിനോദസഞ്ചാര ഭൂപടത്തില്‍ വന്‍ വികസനം കുറിക്കും. കൂടാതെ അവിടേക്ക് കൂടുതല്‍ നിക്ഷേപകരെയും വാണിജ്യ-വ്യവസായങ്ങളേയും ആകര്‍ഷിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് ദുബൈ എന്ന് ജെറാള്‍ഡ് വ്യക്തമാക്കി.
‘ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ രാജ്യത്തെ ആഗോളകേന്ദ്രമാക്കി മാറ്റുന്നതിന് യു എ ഇ ഭരണകൂടം നിരവധി പ്രോത്സാഹന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇസ്‌ലാമിക് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി ഷാര്‍ജ വളര്‍ന്നത്. ഇപ്പോള്‍ ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം മുതലെടുത്ത് നിരവധി പരിപാടികളാണ് റാസല്‍ ഖൈമയും ഫുജൈറയും നടത്തുന്നത്.
വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ സാധ്യതകളും സ്രോതസുമുള്ള സ്ഥലമാണ് റാസല്‍ ഖൈമയെന്ന് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സി ഇ ഒ ഹൈതം മതര്‍ പറഞ്ഞു. പുതുമയും നവീനത്വവുമുള്ള 64 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടല്‍തീരം തങ്ങള്‍ക്കുണ്ട്. അതുപോലെതന്നെ യു എ ഇയിലെ മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് മനോഹരമായ ഉയര്‍ന്ന മലനിരകളും പ്രകൃതി വിഭവങ്ങളും ഇവിടെയുണ്ട്. അനുപമമായ മരുഭൂമിയുടെ സൗന്ദര്യവും ഭൂപ്രകൃതിയും വന സൗന്ദര്യവും പക്ഷിമൃഗാദികളും റാസല്‍ ഖൈമയുടെ പ്രത്യേകതയാണ്. എമിറേറ്റിലെ ചരിത്രനഗരങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. 7,000ത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരിക-പര്യവേക്ഷണ സ്ഥലങ്ങളും മറ്റും മനംകവരുന്ന യാത്രാനുഭവമാണ് സമ്മാനിക്കുക. മറ്റു പ്രദേശങ്ങളില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സാഹസിക പ്രകടനങ്ങള്‍ക്കായുള്ള സ്ഥലങ്ങളും ഒരുക്കുമെന്ന് ഹൈതം മതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജബല്‍ ജൈസില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. പര്‍വതാരോഹണം, സിപ് ലൈന്‍, പഞ്ചനക്ഷത്ര സൗകര്യമുള്ള പര്‍വത ക്യാമ്പ്, സഞ്ചാരികള്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുള്ള വ്യൂവിംഗ് ഡക്ക് എന്നിവയാണ് ഇവിടെ നിര്‍മിക്കുക. 2025ഓടെ അല്‍ മര്‍ജാന്‍ ദ്വീപില്‍ 20 ഹോട്ടലുകള്‍ നിര്‍മിക്കും.
സഞ്ചാരികളുടെ എണ്ണത്തില്‍ 2015 മാര്‍ച്ചിനേക്കാള്‍ ഏഴു ശതമാനം വര്‍ധന 2016 മാര്‍ച്ചിലുണ്ടായി. മാത്രമല്ല എമിറേറ്റിലെ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം 80.3 ശതമാനമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 13.3 ശതമാനമായിരുന്നു ഇത്. ഹോട്ടല്‍ മുറികളില്‍നിന്നു ലഭിച്ച വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 14.1 ശതമാനം വര്‍ധിച്ചു. നിലവില്‍ യു എ ഇയിലെത്തുന്ന വിനോദസഞ്ചാരികളില്‍ 40 ശതമാനവും റാസല്‍ ഖൈമ സന്ദര്‍ശിക്കുന്നവരാണ്.
അതേസമയം ജി സി സി രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ അധികം പ്രതീക്ഷിക്കുന്നില്ലെന്ന് ഹൈതം മതര്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ജര്‍മനിയാണ് തങ്ങളുടെ ഏറ്റവും വലിയ വിനോദസഞ്ചാര സ്രോതസെന്ന് അദ്ദേഹം വ്യക്തമാക്കി.
അതുപോലെതന്നെ ഇംഗ്ലണ്ട്, ഇന്ത്യ, റഷ്യ എന്നിവിടങ്ങളില്‍നിന്നും സഞ്ചാരികളെത്തുന്നു. വിനോദസഞ്ചാര വിപണിയില്‍ വികസ്വര രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പങ്കുവെച്ചു.
‘അറേബ്യന്‍ രത്‌നം’ എന്നറിയപ്പെടുന്ന ഫുജൈറ യു എ ഇയുടെ കിഴക്കന്‍ കവാടമാണ്. കടല്‍തീരങ്ങളെ സ്‌നേഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് എമിറേറ്റ്. ഈസ്റ്റ്‌കോസ്റ്റ് മേഖലയിലെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബീച്ചുകള്‍ ഇവിടെയാണ്. അവധി ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഇവിടത്തെ ലേ മെറിഡിയന്‍ അല്‍ അഖ ബീച്ച് റിസോര്‍ട്ട് പ്രിയപ്പെട്ടതാണ്. അവധികള്‍ ഏറ്റവും ആസ്വാദ്യകരമാക്കാന്‍ പറ്റിയ ഇടമാണ് ഫുജൈറയെന്ന് ലേ മെറിഡിയന്‍ അല്‍ അഖ ബീച്ച് റിസോര്‍ട്ട് കോംപ്ലക്‌സ് ജനറല്‍ മാനേജര്‍ പാട്രിക് അന്റാകി പറഞ്ഞു.
അനവധി പൗരാണിക-സാംസ്‌കാരിക കേന്ദ്രങ്ങള്‍ എമിറേറ്റിലുണ്ട്. പുരാതന കോട്ടകള്‍, പള്ളികള്‍, പഴയകാല വീടുകളും ജല കേളികള്‍ക്കുള്ള അവസരവും കിഡ്‌സ് ക്ലബ്ബ്, സ്പാ, വിവിധങ്ങളായ രുചികള്‍ അനുഭവിച്ചറിയാവുന്ന ഫുഡ്ക്വാര്‍ട്ടുകള്‍ എന്നിവയും ധാരാളമാണ്. സമ്മര്‍ ക്യാമ്പയിനു പുറമെ ഈ മാസംസോഷ്യല്‍ മീഡിയ ക്യാമ്പയിനും ടൂറിസം രംഗത്ത് നടക്കുന്നുണ്ട്.