ദുബൈയില്‍ വേതന നിരീക്ഷണ സംവിധാനത്തിന് പുതിയ പദ്ധതി; ഓറഞ്ച് ടീം കര്‍മ രംഗത്ത്

Posted on: May 17, 2016 3:30 pm | Last updated: May 17, 2016 at 3:30 pm

labours gulfദുബൈ:ജീവനക്കാര്‍ക്ക് യഥാവിധി ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടോയെന്ന് വ്യക്തമാകാന്‍ വേതന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ദുബൈ പോലീസിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം മേധാവി ലഫ്. കണേല്‍ ഡോ. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അല്‍ ജമാല്‍ അറിയിച്ചു.

നാല് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്നുള്ള ‘ഓറഞ്ച് ടീം’ ആണ് ഇങ്ങിനെയൊരു സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. തൊഴിലാളിക്ക് എത്രമാത്രം ആനുകൂല്യം കമ്പനികള്‍ നല്‍കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. അര്‍ഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമാണോ ലഭ്യമാകുന്നതെന്ന് വ്യക്തമാകും. തൊഴില്‍ സ്ഥലത്തെ തര്‍ക്കങ്ങളും ചൂഷണവും അവസാനിപ്പിക്കാന്‍ കഴിയും. ലഫ്. കേണല്‍ ജമാല്‍ പറഞ്ഞു. ഓറഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ ലഫ്. കേണല്‍ ജമാല്‍ തന്നെയാണ്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആറ് പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൊന്നാണ് വേതന നിരീക്ഷണ സംവിധാനം.

2014 ഡിസംബറില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ച സിറ്റി മേക്കേഴ്‌സിന്റെ ചുവടുപിടിച്ചാണ് ഓറഞ്ച് ടീം രൂപവത്കരിച്ചത്. ദുബൈ കോടതി, ദുബൈ പോലീസ്, പെര്‍മനെന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ്, മനുഷ്യ വിഭവ ശേഷി മന്ത്രാലയം എന്നിവ ചേര്‍ന്നതാണ് ഓറഞ്ച് ടീം. വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി ടീം വിലയിരുത്തുന്നു.

ഏകീകൃത ആശയ വിനിമയ പരിപാടി, ഏകീകൃത തര്‍ക്ക പരിഹാര കേന്ദ്രം തുടങ്ങിയവയും ഓറഞ്ച് ടീമിന്റെ ലക്ഷ്യമാണ്. തര്‍ക്കസ്ഥലത്ത് എത്താതെ തന്നെ പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ കഴിയും. താമസിയാതെ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കും. ദുബൈ അല്‍ ഖൈല്‍ എന്ന ജീവകാരുണ്യ പദ്ധതിയും ഏര്‍പെടുത്തിയിട്ടുണ്ട്. പെര്‍മനെന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ കേണല്‍ അബ്ദുല്‍ മുനീം അല്‍ മുദവ്വിയാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ വൈദഗ്ധ്യം നല്‍കാന്‍ പരിശീലന കേന്ദ്രവും ഏര്‍പെടുത്തും. 2018 ഓടെ എല്ലാ എമിറേറ്റിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാകും.