തുമാമയിലും റൗദത്ത് അല്‍ ഖൈലിലും ഹെല്‍ത്ത് സെന്ററുകള്‍ ജൂണില്‍ തുറക്കും

Posted on: May 16, 2016 8:02 pm | Last updated: May 18, 2016 at 6:32 pm

health centreദോഹ: അല്‍ തുമാമയിലും റൗദത്ത് അല്‍ ഖൈലിലും പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹെല്‍ത്ത് സെന്ററുകളുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. സെന്ററുകള്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും.
ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്‍പ്പെടെ വിശാലമായ സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് രണ്ടു സെന്ററുകളും നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സംയോജിത മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ സേവനം ഇവിടെ ലഭ്യമാക്കുമെന്ന് കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിച്ചുകൊണ്ടാണ് ആശുപത്രികള്‍ നിര്‍മിച്ചിരിക്കുന്നത്. തീപ്പിടിത്തം പ്രതിരോധിക്കുന്നതിനും പുക കണ്ടെത്തുന്നിനുമെല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്.
പബ്ലിക് വര്‍ക്‌സ് അതോറിറ്റിയാണ് സെന്ററുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിച്ചത്. സുസ്ഥിരി ഹരിത കെട്ടിട നിര്‍മാണ രീജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഊര്‍ജോപയോഗവും വെള്ളത്തിന്റെ ഉപയോഗവും കുറക്കാവുന്ന രീതിയിലാണ് പ്രകൃതി സൗഹൃദപരമാണ് കെട്ടിടങ്ങള്‍. ദേശീയ വിഷന്‍ 2030ന്റെ മാര്‍ഗരേഖകള്‍ക്കനുസരിച്ചാണ് നിര്‍മാണം.
ജൂണില്‍ തുറക്കുന്ന രണ്ടു പി എച്ച് സി സികള്‍ക്കു പുറമേ മൂന്നു കേന്ദ്രങ്ങള്‍ക്കൂടി ഈ വര്‍ഷം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഈ വര്‍ഷം തുറക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. റൗദത്ത് അല്‍ ഖാലിദ് ഹെല്‍ത് സെന്റര്‍ അല്‍ മുന്‍തസ സെന്ററിനു പകരമായി നിര്‍മിച്ചതാണ്. മുന്‍തസയില്‍ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭിക്കും.