എഫ് സി ബാഴ്‌സലോണ മെയ് 24ന് ഖത്വറില്‍ കളിക്കും

Posted on: May 16, 2016 7:59 pm | Last updated: May 16, 2016 at 7:59 pm

ദോഹ: മെസ്സിയും നെയ്മറും ബൂട്ടണിയുന്ന എഫ് സി ബാഴ്‌സലോണ ഈ മാസം 24ന് ഖത്വറില്‍ കളിക്കും. സഊദി അറേബ്യന്‍ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്‌ലി ക്ലബുമായാണ് സൗഹൃദമത്സരം നടക്കുക. ബാഴ്‌സലോണയുടെ സ്‌പോണ്‍സര്‍മാരായ ഖത്വര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റുമെന്റും ഖത്വര്‍ എയര്‍വേയ്‌സുമായുള്ള കരാര്‍ പ്രകാരമാണ് ഖത്വറില്‍ സൗഹൃദ മത്സരം കളിക്കുന്നത്. അഞ്ചു വര്‍ഷ കരാര്‍ ജൂലൈയില്‍ അവസാനിക്കും.
കളിക്കാര്‍ 23ന് ഖത്വറിലേക്കു തിരിക്കുമെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമല്ല. 2014ലും 2015ലും ഖത്വറില്‍ സൗഹൃദ മത്സരം നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ബാഴ്‌സയും ഖത്വര്‍ എയര്‍വേയ്‌സുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഈ വര്‍ഷം അവസാനിക്കുന്നതിനാല്‍ ഇത്തവണ കളി റദ്ദാക്കപ്പെടില്ലെന്നാണ് പ്രതീക്ഷ.
അതേസമയം ഖത്വര്‍ എയര്‍വേയ്‌സും എഫ് സി ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചനയെന്ന് ദോഹന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് ദീര്‍ഘകാലമായി ഇരു കക്ഷികളുമായി ചര്‍ച്ച നടന്നുവരികയാണെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഖത്വര്‍ എയര്‍വെയ്‌സ് വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2010ല്‍ ഖത്വര്‍ ഫൗണ്ടേഷനായിരുന്നു ബാഴ്‌സയുടെ സ്‌പോണ്‍സര്‍. പിന്നീട് ഖത്വര്‍ എയര്‍വെയ്‌സിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയായിരുന്നു. ബാഴ്‌സ താരങ്ങള്‍ അണിനിരന്ന ഖത്വര്‍ എയര്‍വേയ്‌സിന്റെ വിമാന സുരക്ഷാ വീഡിയോ വന്‍ ഹിറ്റായിരുന്നു. ഖത്വര്‍ എയര്‍വേസ് വിമാനങ്ങളില്‍ ഇതാണ് പ്രദര്‍ശിപ്പിക്കുന്നത്.