നികേഷ് കുമാറിനെതിരെ ലഘുലേഖ: യു ഡി എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: May 16, 2016 12:15 am | Last updated: May 16, 2016 at 12:15 am

MV NIKESH KUMARകണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി എം സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാറിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകളും ലഘുലേഖകളും വിതരണെ ചെയ്തതിനു യു ഡി എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
കണ്ണാടിപ്പറമ്പ് സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ എ വി നാരായണന്‍(56), ടി എം പത്മനാഭന്‍(62), പി രാജീവന്‍(47) എന്നിവരെ കണ്ണാടിപ്പറമ്പില്‍ നിന്ന് പിടികൂടി മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തു. കീരിയാടിനു സമീപം വീടുകളില്‍ അപകീര്‍ത്തികരമായ നോട്ടീസ് വിതരണം നടത്തിയെന്ന പരാതിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അറഫാത്ത്, ലീഗ് പ്രവര്‍ത്തകരായ മന്‍സൂര്‍, ഫൈസല്‍ എന്നിവരെ വളപട്ടണം പോലിസ് പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. നാറാത്ത് ഓണപ്പറമ്പ്, കക്കാട്, കണ്ണാടിപ്പറമ്പ്, പള്ളിക്കുന്ന്, കീരിയാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വളപട്ടണത്തുനിന്ന് പോലിസ് പിടിച്ചെടുന്ന ലഘുലേഖകള്‍ക്ക് സമാനമായ ലഘുലേഖകളാണ് ഇന്നലെയും വിതരണം ചെയ്തത്.
അഴീക്കോട് മണ്ഡലത്തില്‍ സമാനമായ സംഭവങ്ങളില്‍ 20 ഓളം കേസുകളാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി മനോരമയുടെ വീട്ടില്‍നിന്നുള്‍െപ്പടെ കഴിഞ്ഞ ദിവസം ലഘുലേഖകള്‍ പിടികൂടിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എം പ്രകാശന്‍ ജില്ലാ പൊലീസ് ചീഫ് പി ഹരിശങ്കറിന് പരാതി നല്‍കി.
സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമാവുകയും ഞായറാഴ്ച ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ലഘുലേഖകള്‍ പിടികൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരാതി. പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി എസ് പി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ പരാജയം ഉറപ്പായ യു ഡി എഫ് സ്ഥാനാര്‍ഥി ഇടതുമുന്നണി സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാറിനെതിരെ അപവാദ പ്രചരണം അഴിച്ചുവിടുകയാണെന്നും ഇതിനെ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയണമെന്നും എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനു കെ എ ഷാജിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.