Connect with us

National

ഇന്ത്യാ-ചൈന അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ചാരന്മാരുടെ ഫോണ്‍ കോള്‍

Published

|

Last Updated

ലേ/ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ഫോണ്‍ വിളി എത്തിയതായി റിപ്പോര്‍ട്ട്. ഫോണ്‍ കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ലേയില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ലേയിലെ ഗ്രാമത്തലവന്‍ അടക്കമുള്ളവര്‍ക്കാണ് സംശയാസ്പദമായ നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചത്. കേണല്‍ എന്നോ പ്രാദേശിക നിവാസി എന്നോ സ്വയം പരിചയപ്പെടുത്തിയ ആള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളേയും സാന്നിദ്ധ്യത്തേയും കുറിച്ചാണ് ഗ്രാമീണരോട് വിവരങ്ങള്‍ തേടിയത്. ഫോണ്‍ വിളിച്ചവര്‍ പാകിസ്ഥാനിലോ ചൈനയിലോ നിന്നുള്ള ചാരന്മാരാകാം എന്ന നിഗമനത്തിലാണ് സൈന്യം.

അടുത്തിടെ ദര്‍ബക് ഗ്രാമത്തിന്റെ തലവന് ഇത്തരത്തിലൊരു ടെലിഫോണ്‍ സന്ദേശം ലഭിച്ചു. സൈന്യവുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ എന്നാണ് ചോദിച്ചത്. ഫോണ്‍ സന്ദേശം വരുമ്പോള്‍ സൈനിക ക്യാമ്പില്‍ ഇരിക്കുകയായിരുന്ന ഗ്രാമത്തലവന് സംശയം തോന്നി വിളിച്ച ആളുടെ പേര് ചോദിച്ചു. പേരു പറഞ്ഞില്ലെങ്കിലും ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസില്‍ നിന്നാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് സംഭാഷണം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ഗ്രാമത്തലവന്‍ സൈന്യത്തിന് നമ്പര്‍ കൈമാറി. പരിശോധനയില്‍ വിളിച്ചത് കമ്മിഷണറുടെ ഓഫീസില്‍ നിന്നല്ലെന്നും ഇന്റര്‍നെറ്റ് കോളാണെന്നും കണ്ടെത്തി.

തുടര്‍ന്ന് സൈന്യം നടത്തിയ അന്വേഷണത്തില്‍ അതിര്‍ത്തിയിലെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചതായി മനസിലായി. ചാരന്മാരുടെ വാക്ക് വിശ്വസിച്ച ഗ്രാമീണരില്‍ ചിലര്‍ സൈന്യവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു. ഇതോടെ സൈന്യം ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ബോധവത്കരണമായി രംഗത്തു വരികയും ചെയ്തത്.

ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു പെന്റഗണ്‍ ചൈനീസ് പ്രതിരോധശേഷി മെച്ചപ്പെടുത്തിയതില്‍ ആശങ്ക പങ്കുവയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈന സൈനികസാന്നിധ്യം വ്യാപിപ്പിക്കുന്നതു കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Latest