യു എ ഇയില്‍ വാണിജ്യ പ്രമാണങ്ങള്‍ക്കും കസ്റ്റമര്‍കെയര്‍ സര്‍വീസിനും ഇനി പ്രധാന ഭാഷ അറബി

Posted on: May 15, 2016 4:13 pm | Last updated: May 15, 2016 at 4:13 pm

ദുബൈ:എമിറേറ്റിലെ വാണിജ്യപ്രമാണങ്ങള്‍ക്കും കസ്റ്റമര്‍ കെയര്‍ സര്‍വീസുകള്‍ക്കുമായി ഇനി മുതല്‍ അറബി പ്രധാനഭാഷ. സാമ്പത്തിക വികസന വകുപ്പി(ഡി ഇ ഡി)ന്റെ കൊമേഴ്‌സ്യല്‍ കംപ്ലൈന്റ്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിന് തുടക്കം കുറിച്ചത്.

ഇന്‍വോയ്‌സുകള്‍, രസീതുകള്‍, കാള്‍സെന്ററുകളിലെ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം ഇനി അറിബിയിലായിരിക്കും. ഉപഭോക്തൃ സംതൃപ്തിയും വിശ്വാസ്യതയും ഉറപ്പുവരുത്താനും വാണിജ്യമേഖലയെ പ്രോത്സാഹിപ്പിക്കാനും അറബി ഭാഷയില്‍ മികവിന്റെ കേന്ദ്രമായി യു എ ഇയെ മാറ്റാനുമുള്ള വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് ഇതിന് തുടക്കം കുറിച്ചത്.
പ്രൈസ് ടാഗ്, മെനു കാര്‍ഡ് എന്നിവയിലെ പ്രധാന ഭാഷ അറബിയായിരിക്കണം. ഇതിനുപുറമെ വ്യാപാര ഉടമയുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭാഷ ഉപയോഗിക്കാം. 2017 മുതലാണ് ഇന്‍വോയ്‌സുകള്‍ക്ക് അറബി ഭാഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അറബി ഭാഷ കാത്തുസൂക്ഷിക്കുന്നതിനും സമൂഹത്തില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സാമ്പത്തിക വികസന വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്ന് കൊമേഴ്‌സ്യല്‍ കംപ്ലൈന്റ്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി റശീദ് ലൂത്ത പറഞ്ഞു.
ഹോട്ടലുകള്‍, കാര്‍ ഏജന്‍സികള്‍,

ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ റിസപ്ഷനുകളില്‍ അറബി സംസാരിക്കുന്നവര്‍ വേണമെന്ന് സാമ്പത്തിക വികസന വകുപ്പ് ഉപഭോക്തൃ സേവന വിഭാഗം സീനിയര്‍ മാനേജര്‍ അഹ്മദ് അല്‍ സാബി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പ്രതികരണം ലഭിക്കുന്നതിനും അന്വേഷണങ്ങള്‍ക്കും വില്‍പനാനന്തര സേവനങ്ങള്‍ക്കും പരാതികള്‍ നല്‍കുന്നതിനും അറബി ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.