Connect with us

National

ഖാപ് പഞ്ചായത്തുകള്‍ക്ക് തടയിടാന്‍ മഹാരാഷ്ട്രയില്‍ നിയമം

Published

|

Last Updated

മുംബൈ: നാട്ടുകൂട്ടങ്ങള്‍ വ്യക്തികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭ്രഷ്ടുകള്‍ക്കും ശിക്ഷകള്‍ക്കും കൂച്ചുവിലങ്ങിടാന്‍ നിയമവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത്തരത്തില്‍ നിയമം പാസ്സാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകുകയാണ് മഹാരാഷ്ട്ര.
മിശ്രവിവാഹത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കുമെതിരെ നടക്കുന്ന നാട്ടൂകൂട്ടങ്ങളുടെ ശിക്ഷാ വിധികളും ബഹിഷ്‌കരണങ്ങളും തടയിടുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
സംസ്‌കാരത്തിന്റേയും ജാതിയുടേയും സമുദായത്തിന്റെ പേരില്‍ വ്യക്തികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ തടയാന്‍ നിയമം കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. സാമൂഹിക പുരോഗതിക്ക് നാട്ടുകൂട്ടങ്ങളുടെ ഇത്തരം ദുരാചാരങ്ങള്‍ വിലക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ നിയമനിര്‍മാണത്തെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. താഴ്ന്ന ജാതിക്കാര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും ശക്തി പകരുന്നതാണ് പുതിയ നിയമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest