തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി മൂന്ന് ട്രക്കുകള്‍ പിടികൂടി

Posted on: May 15, 2016 12:18 am | Last updated: May 15, 2016 at 12:18 am

cashചെന്നൈ: തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നത് തടയാനായി രൂപവത്കരിച്ച പ്രത്യേക സംഘം തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് ചെംഗപ്പള്ളിയില്‍ 570 കോടി രൂപ പിടികൂടി. മൂന്ന് ട്രക്ക് നിറയെ പണം കടത്തുകയായിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പ് രംഗത്ത് പണമൊഴുക്ക് ശക്തമായതോടെ ഫഌയിംഗ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിരുന്നു. പെരുമനള്ളൂര്‍- കുന്നത്തൂര്‍ ബൈപ്പാസ് റോഡില്‍ പതിവ് പരിശോധന നടത്തുകയായിരുന്ന ഫഌയിംഗ് സ്‌ക്വാഡ്, അര്‍ധസൈനിക സംഘം ഇന്നലെ രാവിലെയാണ് ട്രക്കുകള്‍ പിടിച്ചെടുത്തത്.
എസ് ബി ഐയുടേതാണ് തുകയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതായി തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാജേഷ് ലഖോനി പറഞ്ഞു. എന്നാല്‍ രേഖകളുടെ അസ്സല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയില്‍ ഇല്ലായിരുന്നു. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ രേഖകളുടെ പകര്‍പ്പ് മാത്രമാണ് നല്‍കിയത്. സംശയം ഉയര്‍ന്ന സാഹചര്യത്തല്‍ തുകയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതിനായി പണം കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ബേങ്ക് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സംയുക്ത സംഘം രൂപവത്കരിച്ചിട്ടുണ്ട്.
കോയമ്പത്തൂര്‍ എസ് ബി ഐ ശാഖയില്‍ നിന്ന് വിശാഖപ്പട്ടണത്തേക്ക് കൊണ്ടു പോകുകയായിരുന്നു തുകയെന്നാണ് ട്രക്കിനെ പിന്തുടര്‍ന്ന ബേങ്ക് ഉദ്യോഗസ്ഥരെന്ന് പറയപ്പെടുന്നവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് മതിയായ രേഖകള്‍ ഹാജരാക്കാനായില്ല. ഇതോടെ ട്രക്കുകള്‍ തിരുപ്പൂര്‍ കലക്ടറേറ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂന്ന് കാറുകളുടെ അകമ്പടിയോടെ നീങ്ങിയ ട്രക്കുകള്‍ ചെങ്ങപ്പള്ളിയില്‍ എത്തിയപ്പോള്‍ സ്‌ക്വാഡ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ അല്‍പ്പം ദൂരം പോയി. തുടര്‍ന്ന് ഇവയെ പിന്തുടര്‍ന്നാണ് സംഘം തടഞ്ഞ് നിര്‍ത്തിയത്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് സൗജന്യ പെട്രോള്‍ വിതരണം ചെയ്യുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങുന്ന ദ്രാവിഡ കക്ഷികളുടെ പ്രവര്‍ത്തകരാണ് പെട്രോള്‍ കൂപ്പണുകള്‍ നല്‍കുന്നത്. പ്രദേശത്തെ പെട്രോള്‍ ബങ്കുകളിലെ ബില്ലുകളാണ് നല്‍കുന്നത്. ഇതില്‍ പെട്രോള്‍ അളവ് മാത്രമാണ് ഉണ്ടായിരിക്കുക. ഈറോഡ് ജില്ലയിലെ അന്തിയൂര്‍ മെയിന്‍ റോഡിലെ ബങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി കൂപ്പണുകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ പ്രദേശത്തെ അണ്ണാ ഡി എ കെ സ്ഥാനാര്‍ഥി രാജകൃഷ്ണനുവേണ്ടിയാണ് പെട്രോള്‍ ടോക്കണുകള്‍ വിതരണം ചെയ്തതെന്ന് അറിവായി. ബങ്കുടമ, മാനേജര്‍, കാഷ്യര്‍ തുടങ്ങിയവരുടെ പേരില്‍ അന്തിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബങ്ക് അടച്ചുപൂട്ടി മുദ്ര വെക്കുകയും ചെയ്തു. തിരുച്ചി, ചെന്നൈ നഗരങ്ങളിലും ടോക്കണ്‍ അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ക്ക് പെട്രോള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.