Connect with us

Kerala

ഇടതിനെതിരെ വോട്ടുമറിക്കാന്‍ ബി ഡി ജെ എസ്

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫിനെ പരാജയപെടുത്താന്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുമറിക്കാന്‍ ബി ഡി ജെ എസ് തീരുമാനിച്ചതായി സൂചന. പല മണ്ഡലങ്ങളിലെയും എസ് എന്‍ ഡി പി ഘടകങ്ങള്‍ക്ക് ഈ നിര്‍ദേശം കൈമാറിയെന്നാണ് വിവരം. ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ ബി ഡി ജെ എസിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍. യു ഡി എഫിലെ ചിലപ്രമുഖരുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ചര്‍ച്ചയിലാണ് രഹസ്യധാരണക്ക് കളമൊരുക്കിയത്. ബി ജെ പി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളും ബി ഡി ജെ എസിന്റെ പ്രമുഖര്‍ മത്സരിക്കുന്ന സീറ്റുകള്‍ ഒഴിച്ച് മറ്റിടത്തും യു ഡി എഫിനെ സഹായിക്കാനാണ് തീരുമാനം. എന്‍ ഡി എയുടെ ഘടകകക്ഷിയായി നിന്ന് കൊണ്ട് യു ഡി എഫിനെ സഹായിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.
എല്‍ ഡി എഫ് അധികാരത്തില്‍ വരുന്നത് ഏത് വിധേനയും തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിയുടെ നീക്കം. പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയുടെ ഭാവിക്ക് ഭീഷണിയാണെന്നതിനപ്പുറം വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചില കേസുകളില്‍ സി പി എം സ്വീകരിച്ച നിലപാടും ഇങ്ങിനെയൊരു ചിന്തക്ക് ബി ഡി ജെ എസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ മൈക്രോഫിനാന്‍സ് തട്ടിപ്പും സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസും സജീവമായി ഉയരുമെന്ന ഭീതി ബി ഡി ജെ എസിനുണ്ട്. തുഷാര്‍വെള്ളാപ്പള്ളിയെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഇനിയും ബി ജെ പി അംഗീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ഘടകകക്ഷിയാകുന്നതിന്റെ സാധ്യത വെള്ളാപ്പള്ളിയുടെ മനസിലുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിനു മുമ്പ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉറപ്പ് പാലിക്കാതെ സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കിയതില്‍ ബി ഡി ജെ എസിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തുഷാറിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതെന്നാണ് ഇവരുടെ നിലപാട്.
ബി ഡി ജെ എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നും ബി ജെ പിയും ആര്‍ എസ് എസും ശക്തമായ പ്രചാരണത്തിലില്ല. ഇതിലും ബി ഡി ജെ എസിന് കടുത്ത അമര്‍ഷമുണ്ട്. എന്‍ ഡി എയുടെ ഘടകകക്ഷിയാണെങ്കിലും അതിനനുസരിച്ചുള്ള പ്രാധാന്യം ബി ജെ പി നല്‍കുന്നില്ലെന്നാണ് പരാതി.
ഈ സാഹചര്യങ്ങളെല്ലാമാണ് ബി ഡി ജെ എസിന്റെ ശക്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളൊഴികെ മറ്റുള്ളിടങ്ങളില്‍ വോട്ട് മറിക്കാനുള്ള നീക്കം. ബി ഡി ജെ എസ് ജനറല്‍ സെക്രട്ടറിമാരായ സുഭാഷ്‌വാസു, ടി വി ബാബു എന്നിവര്‍ മത്സരിക്കുന്ന കുട്ടനാട്, നാട്ടിക, അക്കീരമണ്‍ ഭട്ടതിരിപ്പാട് മത്സരിക്കുന്ന തിരുവല്ല, സജി പരമ്പത്ത് മത്സരിക്കുന്ന ഉടുമ്പന്‍ചോല, അഡ്വ.പ്രവീണ്‍ മത്സരിക്കുന്ന തൊടുപുഴ എന്നിവടങ്ങളിലൊഴികെ മറ്റു മണ്ഡലങ്ങളില്‍ യു ഡി എഫിനെ സഹായിക്കാനാണ് തീരുമാനം.

Latest