‘അല്‍ബറക’ പൂവണിയുമോ?

Posted on: May 15, 2016 5:10 am | Last updated: May 14, 2016 at 11:13 pm

bankഇസ്‌ലാമിക് ബേങ്കിംഗ് രാജ്യാന്തര ധനകമ്പോളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടില്‍ സംഭവിച്ച ആഗോള ധനപ്രതിസന്ധി ഉന്നത മൂല്യം നല്‍കപ്പെട്ട നൂറുക്കണക്കിന് പാരമ്പര്യ ബേങ്കുകളെ തകര്‍ത്തപ്പോള്‍ ഇസ്‌ലാമിക ബേങ്കുകള്‍ പോറലേല്‍ക്കാതെ പിടിച്ചു നിന്നതും പാരമ്പര്യ ബേങ്കുകളേക്കാള്‍ ഉയര്‍ന്ന വരുമാനം നിക്ഷേപകര്‍ക്ക് നേടിക്കൊടുക്കുന്നതും ഇവയുടെ സ്വീകാര്യതക്ക് കാരണമായി.
അമേരിക്കയും ബ്രിട്ടനും ജര്‍മനിയുമടക്കം മിക്ക രാജ്യങ്ങളിലും ഇന്ന് ഇസ്‌ലാമിക് ബേങ്കിംഗ് നിലവിലുണ്ട്. പക്ഷേ ഇന്ത്യയില്‍ മാത്രം അതിനു അനുമതി ലഭിച്ചിട്ടില്ല. പലിശാധിഷ്ഠിത പണമിടപാടിനു പകരം നിക്ഷേപ പങ്കാളിത്തവും ലാഭനഷ്ട വീതം വെക്കലുമാണ് ഇസ്‌ലാമിക് ബേങ്കിന്റെ പ്രത്യേകത. ആര്‍ ബി ഐ ആക്ട് പ്രകാരം ബേങ്കിംഗ് പണമിടപാട് പലിശാധിഷ്ഠിതമാകണമെന്ന വ്യവസ്ഥയും ബേങ്കിംഗ് സ്ഥാപനങ്ങള്‍ പണമിടപാട് നടത്തുകയല്ലാതെ ഭൂമിയിലോ ബില്‍ഡിംഗിലോ മറ്റു ആസ്തികളിലോ നിക്ഷേപമിറക്കരുതെന്ന വ്യവസ്ഥയും ഇതിന് തടസ്സമായി നില്‍ക്കുന്നു. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഇസ്‌ലാമിക് ബേങ്കിനും പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ ഇന്ത്യയുടെ വികസനം കുറേക്കൂടി വേഗത്തിലാകും.
പലിശ ഒഴിവാക്കി ലാഭനഷ്ട വീതിപ്പിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വന്നാല്‍ മതപരമായ വിലക്കു കാരണം ബേങ്കിടപാടില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാമ്പത്തികമായി പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്ത വലിയ ഒരു വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുക വഴി അവരുടെ ഇടപെടലും പങ്കാളിത്തവും ദേശീയ വരുമാനത്തെയും പ്രതിശീര്‍ഷ വരുമാനത്തെയും ഉയര്‍ത്തും. ഈ പങ്കാളിത്തം ബേങ്കിംഗ് മേഖലയെയും ഉത്പാദന മേഖലയെയും വളര്‍ത്തും.
രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കയോടും യൂറോപ്പിനോടും അകല്‍ച്ച ആഗ്രഹിക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പെട്രോ ഡോളര്‍ ഇന്ത്യ ആരംഭിക്കുന്ന ഇസ്‌ലാമിക് ബേങ്കുകളിലേക്ക് ഒഴുകിയെത്തും. ശതകോടി വിദേശ നാണ്യവും വിദേശ നിക്ഷേപവും നേടാനും രാജ്യപുരോഗതി ത്വരിതപ്പെടുത്താനും ഇതുവഴി സാധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ജര്‍മനി ഈ ഒറ്റമൂലി പ്രയോഗത്തിലൂടെയാണ് രക്ഷപ്പെട്ടത്. തൊഴില്‍ മേഖല വളരുന്നതിനും ഉത്പാദന വളര്‍ച്ച കൈവരിക്കാനും ഇത് സഹായിക്കും.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ന്ന് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമിച്ച പാലോളി കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കേരളത്തില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആര്‍ ബി ഐ ആക്ടിലെ വ്യവസ്ഥകളെ മറികടക്കുന്നതിന് ഒരു ബേങ്കിതര ധനകാര്യസ്ഥാപനം (non banking financial in termedias) ആയിട്ടാണ് അല്‍ ബറക രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയത്. വന്‍ മുന്നേറ്റമാണ് ഇതുവഴി സര്‍ക്കാര്‍ പ്രതീക്ഷിച്ചതെങ്കിലും എല്ലാ നല്ല കാര്യങ്ങള്‍ക്കും ഉടക്ക് വെക്കുന്ന സുബ്രഹ്മണ്യം സ്വാമി ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തതോടെ ഒന്നാംഘട്ടം പ്രവര്‍ത്തനം തടസ്സപ്പെട്ടു. അവസാനം കോടതി പ്രവര്‍ത്തനാനുമതി നല്‍കിയപ്പോഴേക്കും ആ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. മലപ്പുറത്ത് നടന്ന സെമിനാറില്‍ 40,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി സര്‍ക്കാര്‍ പ്രതീക്ഷിച്ചതെന്നും അതുവഴി അടിസ്ഥാന മേഖലകളുടെ വിപ്ലവകരമായ വളര്‍ച്ചക്ക് കാരണമാകുമെന്നും ഈ സംരംഭത്തിന് തുടക്കം കുറിച്ച് ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞ് യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ അല്‍ ബറകയുടെ വികസനം മുരടിക്കുകയും പകരം കോഴിക്കോട് ആസ്ഥാനമായി മൈനോറിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് രൂപം നല്‍കുകയുമാണുണ്ടായത്. നേരത്തെ പറഞ്ഞ ഒരു ഗുണവും ഇതിന് ലഭിക്കില്ലെന്നു മാത്രമല്ല, പാരമ്പര്യ ബേങ്കുകളെ പോലെ ഇതും പലിശാധിഷ്ഠിതമാണ്. പലിശയിടപാടില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ചിലരെയെങ്കിലും അതിലേക്കാകര്‍ഷിക്കാനാകും ഇത് കാരണമാവുക. കെഎം മാണിയുടെ ധനവകുപ്പും മഞ്ഞളാംകുഴി അലിയുടെ ന്യൂനപക്ഷ ക്ഷേമ വകുപ്പും വീണ്ടും മുസ്‌ലിംകള്‍ക്ക് നല്‍കിയ ‘പലിശപ്പിഴ’ എന്താകുമെന്ന് അനുഭവിച്ചറിയാം.
തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്നാല്‍ അല്‍ബറക പുനര്‍ജീവിപ്പിക്കുമെന്നും പലിശരഹിത സാമ്പത്തിക ധനകാര്യസ്ഥാപനമെന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നുമുള്ള എല്‍ ഡി എഫ് പ്രകടന പത്രിക ഈ രംഗത്ത് ചെറിയ പ്രതീക്ഷ നല്‍കുന്നതാണ്. അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കണം. ഇത് മുസ്‌ലിംകളുടെയും പലിശവിരുദ്ധ മനോഭാവത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഊര്‍ജവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് തിരിച്ചറിയണം.