വീല്‍ചെയറിലെത്തിയ 70 കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Posted on: May 14, 2016 11:49 pm | Last updated: May 14, 2016 at 11:49 pm

AIR INDIAന്യൂഡല്‍ഹി: വീല്‍ചെയറിലെത്തിയ 70 കാരിയായ യാത്രക്കാരിയെ എയര്‍ ഇന്ത്യ സൗകര്യക്കുറവിന്റെ പേരില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലെക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ 101 വിമാനത്തില്‍ നിന്ന് രാജേഷ് ശുക്ല എന്ന യാത്രക്കാരിയെയാണ് സൗകര്യക്കുറവ് കാണിച്ച് ഇറക്കിവിട്ടത്. അമേരിക്കയില്‍ താമസിക്കുന്ന കൊച്ചുമകന്റെ ആദ്യ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനു വേണ്ടിയാണ് രാജേഷ് ശുക്ല വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് വിമാനത്തില്‍ വീല്‍ചെയര്‍ ഉപയോഗിച്ച് യാത്രചെയ്യുന്നതിന് സൗകര്യമില്ലെന്ന് കാണിച്ച് തിരിച്ചയക്കുകയായിരുന്നു.
അതേ സമയം, തലേദിവസം കമ്പനിയുടെ ഒരു സര്‍വീസ് റദ്ദാക്കിയതിനാല്‍ പരിമിതമായ സൗകര്യം മാത്രമേഉണ്ടായിരുന്നുള്ളുവെന്നും അതുകൊണ്ടാണ് വീല്‍ചെയറില്‍ യാത്രചെയ്യാന്‍ അനുമതി നല്‍കാതിരുന്നതെന്നുമാണ് എയര്‍ ഇന്ത്യാ അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാജേഷ് ശുക്ലയുടെ മകള്‍ രൂപാല്‍ തേര അമ്മ നേരിട്ട ദുരനുഭവം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനു ഒരു മണിക്കൂറിന് ശേഷം ഹീത്രു വിമാനത്താവളം വഴിയുള്ള മറ്റൊരു വിമാനത്തിലാണ് ശുക്ല ന്യൂയോര്‍ക്കില്‍ എത്തിയത്.

ALSO READ  ദുബൈയിലേക്ക് വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ വരാനാകില്ല