Connect with us

Ongoing News

ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗ് കിരീടം

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ കലാശക്കൊട്ട് ഇന്നലെയായിരുന്നു. ഗ്രനഡയെ ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍, മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബാഴ്‌സലോണ ലീഗ് കിരീടം ഉയര്‍ത്തി. ബാഴ്‌സലോണയുടെ ഇരുപത്തിനാലാം ലാ ലിഗ കിരീടമാണിത്. കഴിഞ്ഞ എട്ട് സീസണിനിടെ കാറ്റലന്‍ ക്ലബ്ബ് നേടുന്ന ആറാമത്തെ ലാ ലിഗ കിരീടം കൂടിയാണിത്.
ലീഗിലെ അവസാന ദിനത്തില്‍ പരാജയം ഒഴിവാക്കിയാല്‍ തന്നെ ബാഴ്‌സക്ക് ചാമ്പ്യന്‍മാരാകാമായിരുന്നു. അത് തന്നെ സംഭവിച്ചു. ബാഴ്‌സയുടെ തോല്‍വിയില്‍ കണ്ണു നട്ടിരുന്ന റയല്‍ മാഡ്രിഡ് അവസാന മത്സരത്തില്‍ ഡിപ്പോര്‍ട്ടീവോ ലാകൊരുനയെ 2-0ന് തോല്‍പ്പിച്ചെങ്കിലും രണ്ട് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായി. 38 മത്സരങ്ങളില്‍ ബാഴ്‌സക്ക് 91ഉം റയലിന് 90ഉം പോയിന്റാണ്.
പോയിന്റ് തുല്യമാണെങ്കിലും ഹെഡ് ടു ഹെഡ്, ഗോള്‍ ശരാശരി മികവെല്ലാം അവകാശപ്പെടാനുള്ള ബാഴ്‌സ ചാമ്പ്യന്‍മാരാകുമായിരുന്നു. അതുകൊണ്ടു തന്നെ ഒരു പോയിന്റ് വ്യത്യാസത്തിലല്ല, രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് റയല്‍ കിരീടം കൈവിട്ടത്. 37 മത്സരങ്ങളില്‍ 85 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ 64 പോയിന്റുള്ള വിയ്യാറയല്‍ നാലാം സ്ഥാനത്ത്.
ബാഴ്‌സക്കായി സുവാരസ് ഹാട്രിക്ക് നേടിയപ്പോള്‍ റയലിന്റെ ഗോളടിക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. ലാ ലിഗയിലെ ടോപ് സ്‌കോറര്‍ സ്ഥാനം നാല്‍പത് ഗോളുകളുമായി സുവാരസ് സ്വന്തമാക്കി. ലാ ലിഗയിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരമായ പിചിചി പുരസ്‌കാരം സുവാരസ് സ്വന്തമാക്കുന്നത് ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ്. ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ (40) എന്ന റെക്കോര്‍ഡ് സുവാരസ് സ്വന്തം പേരില്‍ കുറിച്ചു.
1989-90 സീസണില്‍ റയല്‍മാഡ്രിഡിന്റെ ഹ്യുഗോ സാഞ്ചസ് നേടിയ 38 ഗോളുകളുടെ റെക്കോര്‍ഡാണ് സുവാരസ് അവസാന ദിനത്തിലെ ഹാട്രിക്കില്‍ തകര്‍ത്തു കളഞ്ഞത്.
ഏപ്രില്‍ ഒന്നിന് ലാ ലിഗ ടേബിളില്‍ ഒമ്പത് പോയിന്റ് വ്യത്യാസത്തില്‍ ആധികാരികമായി ഒന്നാം സ്ഥാനം അലങ്കരിച്ച ബാഴ്‌സലോണ എല്‍ക്ലാസികോയില്‍ റയല്‍മാഡ്രിഡിന് മുന്നില്‍ പരാജയപ്പെട്ടതോടെ പാടെ താഴേക്ക് പോയി. തുടര്‍ പരാജയങ്ങള്‍ ബാഴ്‌സക്ക് ഒന്നാം സ്ഥാനം നഷ്ടമാക്കിയില്ലെങ്കിലും ലീഡ് കുറച്ചു. റയലും അത്‌ലറ്റിക്കോയും കിരീടത്തിന് ഭീഷണി ഉയര്‍ത്തി.
മുപ്പത്തേഴാം റൗണ്ടില്‍ അത്‌ലറ്റിക്കോയുടെ കിരീടപ്രതീക്ഷ അവസാനിച്ചു. അതോടെ, ബാഴ്‌സയും റയലും തമ്മിലായി അവസാന ദിനം വരെ നീണ്ട കിരീടപ്പോര്. റാഫേല്‍ ബെനിറ്റസിനെ മാറ്റിയതിന് ശേഷം സിദാന് കീഴില്‍ റയല്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
ഇക്കാലയളവില്‍ മെസി, സുവാരസ്, നെയ്മര്‍ സഖ്യം മങ്ങിയതിന്റെ പേരില്‍ ബാഴ്‌സ പിറകോട്ട് പോയി. എന്നാല്‍, മെസിയും നെയ്മറും പഴയ മാരകഫോം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സുവാരസ് രക്ഷകനായി. ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് സുവാരസ് പതിനാല് ഗോളുകളാണ് നേടിയത്. ഈ ഗോളടിയാണ് ബാഴ്‌സക്ക് ഒരു പോയിന്റ് വ്യത്യാസത്തില്‍ റയലിനെ പിന്തള്ളി കിരീടം നിലനിര്‍ത്താന്‍ സഹായകമായത്.
ഗ്രനഡക്കെതിരെ ഏറ്റവും മികച്ച ഇലവനെ തന്നെയാണ് കോച്ച് ലൂയിസ് എന്റിക്വെ കളത്തിലിറക്കിയത്. ഗോളി ടെര്‍സ്റ്റെഗന് മുന്നില്‍ പ്രതിരോധ മതില്‍ തീര്‍ത്തത് ജെറാര്‍ഡ് പീക്വെയും മഷെറാനോയും. ഡേവിഡ് ആല്‍ബ, ആല്‍വസ് എന്നിവര്‍ വിംഗര്‍മാരായപ്പോള്‍ ബുസ്‌ക്വുറ്റ്‌സ്, റാകിറ്റിച്, ഇനിയെസ്റ്റ മധ്യത്തില്‍. നെയ്മര്‍, മെസി, സുവാരസ് അറ്റാക്കിംഗില്‍.
ഡിപ്പോര്‍ട്ടീവോക്കെതിരെ റയല്‍മാഡ്രിഡിന്റെ ഗോള്‍ വല കാത്തത് വിശ്വസ്തനായ നവാസ്. പെപെ, റാമോസ് പ്രതിരോധത്തില്‍, മാര്‍സെലോ, കര്‍വായാല്‍ വിംഗ് ബാക്കില്‍. ക്രൂസ്, കാസിമെറോ, മോഡ്രിച് മധ്യനിരയില്‍. ബെന്‍സിമ, ബെയില്‍, ക്രിസ്റ്റ്യാനോ മുന്നേറ്റത്തില്‍.
ഡിപ്പോര്‍ട്ടീവോക്കെതിരെ ഏഴാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ ഗോളടിച്ചതോടെ റയല്‍ 1-0ന് മുന്നിലെത്തി. ബാഴ്‌സയപ്പോള്‍ ഗോളന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ഇരുപത്തിരണ്ടാം മിനുട്ടില്‍ ജോര്‍ഡി അല്‍ബയുടെ ക്രോസ് ബോളില്‍ സുവാരസ് ഗോളടിച്ചതോടെ ബാഴ്‌സ 1-0. മൂന്ന് മിനുട്ടിനുള്ളില്‍ ക്രിസ്റ്റ്യാനോയിലൂടെ റയല്‍ 2-0ന് മുന്നില്‍ കയറി. പക്ഷേ, സുവാരസിന്റെ ഹാട്രിക്കില്‍ ബാഴ്‌സ ജയിച്ചു കയറിയതോടെ, റയലിന്റെ പോരാട്ടം രണ്ടാം സ്ഥാനത്ത് അവസാനിച്ചു.
അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് റയലിനെ ഉയര്‍ത്തിയതില്‍ കോച്ച് സിനദിന്‍ സിദാന് അഭിമാനിക്കാം. മാത്രമല്ല, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളി.

Latest