പാതയോരത്ത് ദാഹജലം നല്‍കി ശഹ്ബാസിന്റെ വേനല്‍ സേവനം

Posted on: May 14, 2016 7:47 pm | Last updated: May 14, 2016 at 7:47 pm

waterദോഹ: വെയില്‍ചൂടില്‍ വഴിയോരത്ത് കാത്തുനിന്ന് വാഹനയാത്രക്കാര്‍ക്ക് ദാഹജലം നല്‍കി മാതൃകയാകുന്നു ഖത്വറിലെ ഒരു ഇന്ത്യന്‍ യുവ എന്‍ജിനീയറിംഗ് സൂപ്പര്‍വൈസര്‍. കനത്ത ചൂടില്‍ ഒരിലത്തണല്‍ പോലുമുല്ലാത്ത തുറസ്സായ സ്ഥലത്തു നിന്നാണ് ശഹ്ബാസ് ശൈഖ് എന്ന ചെറുപ്പക്കാരന്റെ മാനുഷീക സേവനം. ഒരു ബോട്ടില്‍ വെള്ളത്തിന് സമൂഹത്തിന് നല്‍കാന്‍ ദാഹജലത്തിനൊപ്പം വലിയ സന്ദേശം കൂടിയാണ് ശഹ്ബാസ് ഉയര്‍ത്തുന്നത്. യുവാവിനെ ഇന്നലെ ദോഹന്യൂസ് പരിചയപ്പെടുത്തി.
മാസങ്ങള്‍ക്കു മുമ്പാണ് ശഹ്ബാസ് തന്റെ കാരുണ്യ പ്രവര്‍ത്തനം ആരംഭിച്ചത്. സമീപത്തൊന്നും വിശ്രമ കേന്ദ്രങ്ങളോ കടകളോ ഇല്ലാത്ത വുഖൈറിലെ തന്റെ താമസ സ്ഥലത്തിന് സമീപമുള്ള റോഡിലാണ് സൗജന്യമായി വെള്ളം നല്‍കുന്നത്. ഇസ്ദാന്‍ വില്ലേജ് 30ന് സമീപം നിത്യവും 30 മുതല്‍ 40 വരെ വെള്ളക്കുപ്പികള്‍ ശഹ്ബാസ് ഡ്രൈവര്‍മാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കുമായി നല്‍കും. ചൂടിന് കാഠിന്യമേറുന്ന ഉച്ച സമയത്താണ് ദാഹജലം ദാനം ചെയ്യുന്ന സേവനം.
വെള്ളം നല്‍കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ഇസ്‌ലാമിന്റെ നന്മയുടെ സന്ദേശം പകരാനും ഈ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കുന്നു. ഇതിനായി അല്ലാഹുവിനെ സ്‌നേഹിക്കുക, അല്ലാഹു വലിയവനാണ്, ശാന്തനാവുക, മുഹമ്മദ് നബിയുടെ പാത പിന്തുടരുക തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡ് കൈയില്‍ പിടിക്കും. ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ താന്‍ പൂര്‍ണനൊന്നുമല്ലെങ്കിലു പ്രവാചകപാത പരമാവധി പിന്തുടരാന്‍ ശ്രമിക്കുകയാണെന്ന് ശഹ്ബാസ് പറയുന്നു.
അന്നം നല്‍കുന്ന രാജ്യത്തെ സമൂഹത്തിന് തങ്ങളാലാകുന്നത് തിരിച്ചു നല്‍കാന്‍ ശ്രമിക്കുന്ന പ്രവാസികളുടെ പ്രതിനിധിയാണ് ശഹ്ബാസ്. പണമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന റസ്റ്റോറന്റ് നടത്തിപ്പുകാരായ മുഹമ്മദ് ഹുസൈനും ജവഹര്‍ അബ്ദുല്ലയും ഈയിടെ വാര്‍ത്തയായിരുന്നു. ഈ ശ്രേണിയിലെ മറ്റൊരു മാതൃകയാണ് ശഹ്ബാസെന്ന് ദോഹന്യൂസ് പറയുന്നു.
നാട്ടില്‍ ദരിദ്രര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കാറുള്ള മാതാവാണ് തന്റെ പ്രചോദനമെന്ന് ശഹ്ബാസ് പറഞ്ഞു. മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം എന്നതായിരുന്നു കഴിഞ്ഞ ദിവസം ശഹ്ബാസിന്റെ കൈയിലുണ്ടായിരുന്ന ബോര്‍ഡില്‍ എഴുതിയ വാചകം. ശഹ്ബാസിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയ പലരും സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടു വരാറുണ്ട്. എന്നാല്‍, അപരിചിതരുടെ സഹായം സ്വീകരിക്കാറില്ല. കൂടെ താമസിക്കുന്നവര്‍ സഹായിക്കാറുണ്ട്. ഈയിടെ അവരില്‍ രണ്ടു പേര്‍ ശഹ്ബാസിനോടൊപ്പം വെള്ളം വിതരണം ചെയ്യാനും സന്നദ്ധരായി.
നാട്ടില്‍ യുവതത്വത്തന്റെ തിളപ്പില്‍ അടിപൊളിജീവതം നയിച്ചിരുന്ന ശഹ്ബാസിന്റെ പ്രവര്‍ത്തനവും സമീപനവും കേട്ടറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും അമ്പരന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.