വിമാനത്താവള തുരങ്ക പാതയില്‍ ‘വന്‍ അപകടം’; ഫയര്‍ ഡ്രില്‍ വിജയകരം

Posted on: May 14, 2016 7:28 pm | Last updated: May 14, 2016 at 7:28 pm

air (2)ദുബൈ: വിമാനത്താവള തുരങ്കപാതയില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ നേതൃത്വത്തില്‍ നടത്തിയ ഫയര്‍ ഡ്രില്‍ വിജയകരം. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഡ്രില്‍ അവതരിപ്പിച്ചത്.
ടണല്‍വഴി സഞ്ചരിക്കുന്ന വാഹനങ്ങളില്‍ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളടങ്ങിയ ഒരു വാഹനവും പെയിന്റ് സാമഗ്രികള്‍ നിറച്ച മറ്റൊരു വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയും ഇതിനെതുടര്‍ന്ന് ഒരു പബ്ലിക് ബസ്, ഒരു ടാക്‌സി, രണ്ട് സ്വകാര്യ വാഹനങ്ങള്‍ എന്നിവകൂടി അപകടത്തില്‍ പെടുന്നതാണ് ആവിഷ്‌കരിച്ചത്. ഉടനെതന്നെ ദൗത്യസംഘങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അവതരിപ്പിച്ചു.
നാഷണല്‍ എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി-എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ദുബൈ, ദുബൈ പോലീസ്, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ്, ദുബൈ നഗരസഭ, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ദുബൈ ഹെല്‍ത് അതോറിറ്റി, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ് എയര്‍ലൈന്‍, ദുബൈ വിമാനത്താവളം എന്നീ 11 സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഡ്രില്ലില്‍ പങ്കെടുത്തത്. ഡ്രില്ലില്‍ പങ്കെടുത്ത പങ്കാളികളുടെ പ്രവര്‍ത്തനത്തെ ആര്‍ ടി എ ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെയും ലൈസന്‍സിംഗ് ഏജന്‍സിയുടെയും സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റൂസിയാന്‍ സ്തുതിച്ചു. ഇത്തരത്തിലുള്ള വലിയ അപകടങ്ങളെ നേരിടാന്‍ ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമാണെന്നതാണ് ഡ്രില്‍ തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ വകുപ്പുകളുടെയും സംഘടിതമായ പ്രവര്‍ത്തനവും പരസ്പര ആശയവിനിമയവും രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞു.
വിവിധ സ്ഥാപനങ്ങളില്‍നിന്നായി 300 പേര്‍ പങ്കെടുത്തു. ഇതിനു പുറമെ സിവില്‍ ഡിഫന്‍സ് വാഹനങ്ങളുള്‍പെടെ 14 പ്രത്യേക അഗ്‌നിശമന-രക്ഷാ വാഹനങ്ങള്‍, ഒന്‍പത് ആംബുലന്‍സ്, ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നറിയപ്പെടുന്ന ആശുപത്രി സൗകര്യങ്ങളുള്ള ഡിസാസ്റ്റര്‍ ബസ്, 20 പോലീസ് പട്രോള്‍ വാഹനങ്ങള്‍, ആര്‍ ടി എയുടെ 30 വാഹനങ്ങള്‍ എന്നിവയും മോക് ഫയര്‍ ഡ്രില്ലിനുപയോഗിച്ചു.
ഡ്രില്‍ നടക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തന്നെ ഖിസൈസ്, ഷാര്‍ജ ഭാഗത്തേക്കുള്ള വിമാനത്താവള തുരങ്കപാത അടച്ചിടുകയും വാഹനഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.