Connect with us

Wayanad

കരിവണ്ടി കിതപ്പില്‍; യാത്രാ ദുരിതത്തിന് അറുതിയില്ല

Published

|

Last Updated

ഗൂഡല്ലൂര്‍: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടി കിതക്കുന്നു. പ്രകൃതി രമണീയമായ സുന്ദര കാഴ്ചകളുമായി മലമുകളിലൂടെ കൂകിപ്പായുന്ന തീവണ്ടിയില്‍ യാത്ര ആസ്വദിക്കാനാണ് വിനോദ സഞ്ചാരികളടക്കമുള്ളവര്‍ നീലഗിരിയില്‍ എത്തുന്നത്. എന്നാല്‍ എന്‍ജിന്‍ തകരാര്‍ കാരണം ട്രെയ്ന്‍ പലപ്പോഴും പാതിവഴിയില്‍ കേടാകുകയാണ് ചെയ്യുന്നത്
ഇന്നലെ രാവിലെ 7.10ന് മേട്ടുപാളയത്തില്‍ നിന്ന് കുന്നൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എന്‍ജിന്‍ തകരാര്‍ കാരണം ആടര്‍ലിയില്‍ നിര്‍ത്തുകയായിരുന്നു. ട്രെയ്ന്‍ പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ പെരുവഴിയിലാവുകയാണ്.
മലകളിലൂടെ കുത്തനെ കയറി തുങ്കങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ യാത്ര പ്രകൃതി ആസ്വാദകരുടെ മനംകവരുകയാണ്. സഞ്ചാരികളെ ആസ്വാദനത്തിന്റെ ഉത്തുംഗതിയിലെത്തിക്കുന്നതാണ് യാത്ര.
പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രെയ്‌നില്‍ മഞ്ഞില്‍ കുതിര്‍ന്ന വഴികളിലൂടെയുള്ള യാത്ര തന്നെയാണ് മുഖ്യആകര്‍ഷണം. നീലഗിരിയിലെ തണുപ്പും കുളിര്‍മയും ഏറ്റുവാങ്ങിയുള്ള ഈ യാത്രക്ക് നാള്‍ക്കുനാള്‍ സഞ്ചാരികള്‍ കൂടിവരികയാണ്.
ഊട്ടി മുതല്‍ മേട്ടുപാളയം വരെയുള്ള 46 കിലോ മീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. സമാനമായ പാത സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്‌സ് പര്‍വത നിരയിലേക്കുള്ള റെയില്‍പാത മാത്രമാണ്. പഴയ റാക് ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയിലാണ് ട്രെയ്ന്‍ ഓടുന്നത്.
കല്‍ക്കരി എന്‍ജിനില്‍ പ്രവൃത്തിക്കുന്ന ട്രെയിന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1899 ജൂണ്‍ 15ന് ആണ് മേട്ടുപാളയം-കുന്നൂര്‍ പാതയില്‍ പര്‍വത ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 1908 സെപ്തംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫോണ്‍ഹില്‍ വരെയും ഒക്‌ടോബര്‍ 15ന് ഊട്ടി വരെയും ഓടിത്തുടങ്ങി. പുക തുപ്പിയും വെള്ളം കുടിച്ചും കിതച്ചാണ് ഇപ്പോള്‍ വണ്ടി ഓടുന്നത്. ഇന്ധനമായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ ഏറിവരുന്നുവെങ്കിലും ട്രെയ്ന്‍ യാത്ര ഇന്ന് അനിശ്ചിതത്വത്തിന്റെ കൊടുമുടിയിലാണ്. മേട്ടുപാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഊട്ടിയില്‍ എത്തിയാല്‍ മാത്രമേ എത്തി എന്ന് പറയാനാകൂ.
സാങ്കേതിക തകരാര്‍ കാരണം പലപ്പോഴും സര്‍വീസ് റദ്ദാക്കുകയാണ്. കൊടുംവനത്തിനുള്ളില്‍ എന്‍ജിന്‍ തകരാര്‍ കാരണം ട്രെയ്ന്‍ കുടുങ്ങുന്നത് പതിവാണ്. എന്‍ജിനുകളില്‍ വെള്ളം കയറാതെയും ഫര്‍ണസ് ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചും ബ്രേക്ക് നിലച്ചുമാണ് കരിവണ്ടി നിന്നുപോകുന്നത്. സേലം റെയില്‍വേ ഡിവിഷന് കീഴിലാണ് ഊട്ടി പര്‍വത ട്രെയിന്‍.

Latest