ആയുര്‍വേദ നാട്ടില്‍ വിജയക്കൊടി പാറിക്കാന്‍ കൊതിച്ച്‌

Posted on: May 14, 2016 11:25 am | Last updated: May 14, 2016 at 11:25 am

വളാഞ്ചേരി: ചിത്രം മാറിമറിയുന്ന കോട്ടക്കല്‍ മണ്ഡലത്തില്‍ അട്ടിമറിയുടെ സൂചനകള്‍ നല്‍കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പേള്‍ കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ മാറ്റത്തിന്റെ കൊടി പാറുമെന്ന പ്രതീക്ഷയില്‍ എല്‍ ഡി എഫും വജയിക്കുമെന്ന ആത്മവിശ്വാസം കൈവിടാതെ ലീഗും പ്രചാരണ ഗോദയിലാണ്. ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചരണങ്ങളാണ് നടത്തുന്നത്. മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള കടുത്ത പ്രചരണ പ്രവര്‍ത്തനങ്ങളാണ് കോട്ടക്കലില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രചരണത്തില്‍ മുമ്പിലായിരുന്നെങ്കിലും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി പ്രചരണത്തില്‍ മുമ്പോട്ട് കുതിക്കുകയാണ്.
കഴിഞ്ഞ തവണ സമദാനി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇവിടെ ഇത്തവണ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചനാതീതമാണ്. മണ്ഡലം നിലനിര്‍ത്താന്‍ പിടിവിടാതെ ലീഗ് മുന്നേറുമ്പോള്‍ പിടിച്ചടക്കാന്‍ പൊരുതുകയാണ് ഇടത് പ്രവര്‍ത്തകര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം എം എല്‍ എയായിരുന്ന അബ്ദുസമദ് സമദാനി കോട്ടക്കലില്‍ വികസന പ്രവര്‍ത്തനങ്ങളിലും ജനങ്ങളോടും പുറം തിരിഞ്ഞു നിന്നുയെന്നാണ് എല്‍ ഡി എഫ് പ്രചരിപ്പിക്കുന്നത്. മാറ്റത്തിന് ഒരു വോട്ട് എന്ന് ചേദിച്ചാണ് സ്ഥാനാര്‍ഥി എന്‍ മുഹമ്മദ് കുട്ടി വോട്ടര്‍മാരെ സമീപിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം എം എല്‍ എയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും അക്കമിട്ട് പറഞ്ഞ് ഭരണത്തുടര്‍ച്ചക്ക് ഒരു വോട്ട് എന്നാണ് ലീഗിന്റെ അഭ്യര്‍ഥന. കാടാമ്പുഴ പോലീസ് സ്്‌റ്റേഷന്‍ കൊണ്ടുവന്നതും കോട്ടക്കല്‍ സബ് ട്രഷറി കൊണ്ടുവന്നതും കാര്‍ഷിക രംഗത്ത് നിറവ് പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കിയതുമായ നിരവധി വികസനങ്ങളാണ് ലീഗ് ഉയര്‍ത്തികാണിക്കുന്നത്. മാറ്റത്തിനായി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് കോട്ടക്കലില്‍ രൂപംകൊണ്ടിട്ടുള്ളതെന്നും മാറാക്കര ഗ്രാമ പഞ്ചായത്തിലെ ഭരണം നടത്തുന്ന കോണ്‍ഗ്രസ്-സി പി എം കൂട്ടുകെട്ട് എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ലീഗ് കോണ്‍ഗ്രസ് തമ്മിലുള്ള പോര്‍വിളികള്‍ ഇപ്പോഴും ഇവിടെ നിലച്ചിട്ടില്ല. അതിനു പുറമെ സമദാനി എം എല്‍എ ക്കെതിരില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതൃപ്തിയും ഗുണം ചെയ്യുന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. വികസന രംഗത്ത് ഏറെ സാധ്യതകളുള്ള ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ എം എല്‍ എക്ക് സാധിച്ചിട്ടില്ലന്നും മണ്ഡലത്തില്‍ ഒരു സര്‍കാര്‍ കോളജ് തുടങ്ങുന്നതിനോ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാനോ ആവശ്യമായ നടപടികള്‍ കൈക്കോണ്ടില്ലെന്നുമുള്ള കാര്യങ്ങളാണ് എല്‍ ഡി എഫ് മുന്നോട്ട്‌വെക്കുന്നത്.
ഇന്നലെ കുറ്റിപ്പുറത്ത് നിന്നും കോട്ടക്കലിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍എ മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി നടത്തിയ റോഡ് ഷോ കോട്ടക്കലിലെ യു ഡി എഫ് കേന്ദ്രങ്ങള്‍ വിറപ്പിക്കുന്നതായിരുന്നു. 2006 ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ച് കെ ടി ജലീലിനെ വിജയിപ്പിച്ച ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇത്തവണ കോട്ടക്കലില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഗോദയിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇനിയും മറ്റൊരു കുറ്റിപ്പുറം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍വ്വ ശക്തിയും പ്രയോഗിച്ച് ലീഗ് പോര്‍ക്കളത്തിലുണ്ട്.