പി എസ് ജി വിടുകയാണെന്ന് ഇബ്രാഹിമോവിച്

Posted on: May 14, 2016 9:38 am | Last updated: May 14, 2016 at 9:38 am

Zlatan-Ibrahimovicv2പാരിസ്: സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ (പി എസ് ജി) വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് പി എസ് ജി ജഴ്‌സിയില്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് മുപ്പത്തിനാലുകാരന്‍ അറിയിച്ചു. ഞാന്‍ അഭിമാനിക്കുന്നു, ഒരു രാജാവായാണ് ഞാന്‍ ഇവിടെയെത്തിയത്, ഒരു ഇതിഹാസമായാണ് മടങ്ങുന്നത് – ട്വിറ്ററില്‍ സ്വീഡിഷ് താരം എഴുതി.
ട്വിറ്റര്‍ എക്കൗണ്ടിലൂടെ പി എസ് ജി ക്ലബ്ബ് ഇബ്രാഹിമോവിചിന്റെ സേവനത്തിന് നന്ദി അറിയിച്ചു. ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പി എസ് ജിക്ക് ഇന്ന് നാന്റെസാണ് എതിരാളി. എവിടേക്കാണ് സ്വീഡിഷ് സ്‌ട്രൈക്കറുടെ മാറ്റം എന്നത് വ്യക്തമല്ല.
യു എസ് എയിലെ മേജര്‍ ലീഗ് സോക്കര്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്കായിരിക്കും ഇബ്രാ ചേക്കേറുകയെന്ന് സൂചനയുണ്ട്. ഇതിനിടെ, ഇറ്റലിയില്‍ എ സി മിലാനിലേക്ക് തിരിച്ചു പോകുവാനും ഇബ്രാഹിമോവിചിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും എം എല്‍ എസില്‍ ലാ ഗാലക്‌സി ക്ലബ്ബുകളുമായിട്ടാണ് ഇബ്രായുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.
ജോസ് മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചാകുമെന്ന അഭ്യൂഹം വന്നതോടെയാണ് ഇബ്രാഹിമോവിചിന്റെ യുനൈറ്റഡ് പ്രവേശവും ചര്‍ച്ചയായത്. മാഞ്ചസ്റ്ററിന്റെ കോച്ചായെത്തുന്ന മൗറിഞ്ഞോ പുതുതായി ടീമിലെത്തിക്കേണ്ട കളിക്കാരുടെ പട്ടികയില്‍ ഇബ്രാഹിമോവിച് ഒന്നാം സ്ഥാനത്താണെന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, മുതിര്‍ന്ന ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അലസാന്‍ഡ്രോ അല്‍കെയ്‌റ്റോ വിശ്വസിക്കുന്നത് ഇബ്രാഹിമോവിച് യൂറോപ്പില്‍ ഇനി കളിക്കില്ലെന്നാണ്. അമേരിക്കയാകും ഇബ്രായുടെ മനസ്സില്‍.
ലീഗില്‍ ഇന്ന് അവസാന മത്സരം കളിക്കാനിറങ്ങുന്ന ഇബ്രായുടെ പി എസ് ജിയിലെ അവസാന മത്സരം ഇതായിരിക്കില്ല. മെയ് 21ന് മാഴ്‌സെക്കെതിരെ ഫ്രഞ്ച് കപ്പ് ഫൈനല്‍ കളിക്കാനുണ്ട് പി എസ് ജിക്ക്. ഇത് ഓര്‍ക്കാതെയാണ്, വൈകാരികമായി ഇബ്രാഹിമോവിച് ട്വിറ്ററില്‍ പോസ്റ്റിട്ടത്.
2012-13, 2013-14 ഫ്രഞ്ച് ലീഗ് വണ്‍ സീസണില്‍ ഇബ്രാഹിമോവിച് ടോപ് സ്‌കോററായി. ഫ്രാന്‍സില്‍ കഴിഞ്ഞ നാല് സീസണിലും ടീം ഓഫ് ദ ഇയറില്‍ ഇബ്രാഹിമോവിച് ഇടം പിടിച്ചിരുന്നു.
ക്ലബ്ബ് ചരിത്രത്തിലെ മഹാനായ സ്‌ട്രൈക്കറാണ് ഇബ്രാഹിമോവിചെന്ന് പി എസ് ജി ക്ലബ്ബ് അഭിപ്രായപ്പെട്ടു.
2012 ല്‍ പി എസ് ജിയിലെത്തിയ ഇബ്രാഹിമോവിച് 178 മത്സരങ്ങളില്‍ നിന്ന് 152 ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടു. ഇബ്രാ കളിച്ച എല്ലാ സീസണിലും പി എസ് ജി ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായി. ഈ സീസണില്‍ രണ്ട് മാസം മുമ്പെ കിരീടം ഉറപ്പിച്ചിരുന്നു.