Connect with us

Kerala

വികസനം അന്യമാക്കി അട്ടപ്പാടി ഊരുകള്‍

Published

|

Last Updated

മണ്ണാര്‍ക്കാട് :വനത്തിനുള്ളില്‍ ചെറിയ മണ്‍കുടിലുകള്‍, വൈദ്യുതിയില്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്ക് തന്നെയാണ് ശരണം. കുടിവെള്ളത്തിനായി കുടവുമെടുത്ത് കിലോമീറ്റര്‍ താണ്ടണം. ഇവിടെ എല്‍ പി സ്‌കൂളും ആരോഗ്യകേന്ദ്രവുമുണ്ടെങ്കിലും സ്‌കൂളിലെത്തുന്നത് വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. ഈ മേഖലയിലേക്ക് റേഷന്‍കട അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ട് വര്‍ഷം മൂന്നായെങ്കിലും നടപ്പായിട്ടില്ല. പരമ്പരാഗത കൃഷിയും തൊഴിലുറപ്പ് പദ്ധതിയുമാണ് ഏക വരുമാനമാര്‍ഗം. ജലസേചന പദ്ധതികള്‍ ഇല്ലാത്തതിനാല്‍ കൃഷിയും പരിമിതമാണ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കൃഷി തുടരാനുമാകുന്നില്ല. അട്ടപ്പാടി അഗളിയിലെ കുറുംബ കോളനിയുടെ അവസ്ഥയാണിത്.
അട്ടപ്പാടിയില്‍ മൂന്ന് വര്‍ഷംമുമ്പ് തുടങ്ങിയ കുറുംബ പാക്കേജ് ഇന്നും ഇഴഞ്ഞ് നീങ്ങുകയാണ്. 16 കോടി രൂപ ചിലവില്‍ ഏറ്റെടുത്ത പദ്ധതികളെല്ലാം നിലച്ചു. എ കെ ബാലന്‍ മന്ത്രിയായിരിക്കെ പ്രത്യേക താത്പര്യമെടുത്താണ് 148 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചത്. ഇതില്‍ 16 കോടി രൂപയാണ് അട്ടപ്പാടിയിലെ കുറുംബ ആദിവാസി മേഖലയുടെ വികസനത്തിന് നീക്കിവെച്ചത്. മൂന്ന് വര്‍ഷം മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ പദ്ധിതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
ചിണ്ടക്കി ആനവായ് റോഡിന് 11.4 കോടിയും ബാക്കി തുക കൊണ്ട് 94 വീട് നിര്‍മിക്കാനുമാണ് സര്‍ക്കാര്‍ തീരൂമാനിച്ചത്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ റോഡ് നിര്‍മാണം ഒന്നുമായില്ല. റോഡ്‌നിര്‍മാണം മഴക്ക് മുമ്പ് പൂര്‍ത്തിയായില്ലെങ്കില്‍ കുറുംബ മേഖല ഒറ്റുപ്പെടും. കുറുംബ വിഭാഗത്തില്‍ 543 കുടുംബങ്ങളാണുള്ളത്. ഇവരുടെ 19 ഊരുകളിലും വികസനം എവിടെയുമെത്തിയില്ല. കാട്ടില്‍ പാവങ്ങളായ നിരവധി പേര്‍ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ വികസനപദ്ധതികളെ ഫണ്ട് തട്ടിപ്പിനുള്ള മാര്‍ഗങ്ങളായി ഉദ്യോഗസ്ഥരും സര്‍ക്കാരും കാണുന്നുവെന്നാണ് ആരോപണം. കുറുംബ പാക്കേജ് ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും അവലോകനം പോലും ഇതുവരെ നടത്തിയിട്ടില്ല. ഇത്തരം സര്‍ക്കാര്‍ അനാസ്ഥ മുതലെടുത്താണ് അട്ടപ്പാടി വനമേഖലയെ മാവോയിസ്റ്റുകള്‍ താവളമാക്കുന്നതെന്നും ആരോപണമുണ്ട്.