Connect with us

Sports

സുശീല്‍-നര്‍സിംഗ് തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് കായികമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിനുള്ള ഗുസ്തി താരങ്ങളുടെ പ്രാഥമിക പട്ടികയില്‍ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ ഇടം പിടിച്ചില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ ഒ എ) ഇന്ത്യന്‍ റെസ്‌ലിംഗ് ഫെഡറേഷന്‍ കൈമാറിയ പട്ടികയില്‍ നര്‍സിംഗ് യാദവിന്റെ പേരാണുള്ളത്. നര്‍സിംഗ്-സുശീല്‍ കുമാര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്രകായിക മന്ത്രി സര്‍ബാനന്ദ സൊനോവല്‍ പറഞ്ഞു. രാജ്യത്തെ റെസ്‌ലിംഗ് ഫെഡറേഷന്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 74 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയിലെ മികച്ച താരമായ നര്‍സിംഗ് ലാസ് വെഗാസിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയാണ് ഒളിമ്പിക് യോഗ്യത നേടിയത്.
സുശീല്‍ കുമാര്‍ 66 കി.ഗ്രാം വിഭാഗത്തിലാണ് മുമ്പ് ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കിയത്. എന്നാല്‍, ഒളിമ്പിക്‌സില്‍ നിന്ന് 66 കി.ഗ്രാം ഒഴിവാക്കി 74 കി.ഗ്രാം ഉള്‍പ്പെടുത്തിയതോടെ സുശീല്‍ കുമാറും ഭാരവിഭാഗം മാറി. 74 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ സന്നദ്ധനാണെങ്കിലും സുശീലിന് സീസണില്‍ പരുക്ക് കാരണം ഇറങ്ങാനായില്ല. റെസ്‌ലിംഗ് ഫെഡറേഷന്‍ സുശീലിനെ പ്രാഥമിക പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഇതെല്ലാം ഘടകമായി. എന്നാല്‍, രാജ്യത്തെ മികച്ച താരം ആരെന്നറിയാന്‍ ട്രയല്‍സ് നടത്തുവാന്‍ ഫെഡറേഷന്‍ തയ്യാറായില്ലെന്ന് സുശീല്‍ കുമാര്‍ ആരോപിച്ചു. എന്നെ റിയോ ഒളിമ്പിക്‌സിന് കൊണ്ടു പോകൂ എന്നല്ല ഞാന്‍ പറയുന്നത്. 74 കി.ഗ്രാം വിഭാഗം ഗുസ്തിയില്‍ മികച്ചതാരെന്ന് കണ്ടെത്താന്‍ ട്രയല്‍സ് നടത്തൂ. നര്‍സിംഗ് യോഗ്യനാണെങ്കില്‍ അദ്ദേഹം ഒളിമ്പിക്‌സില്‍ മത്സരിക്കട്ടെ – സുശീല്‍ കുമാര്‍ പറഞ്ഞു.
നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ ജോര്‍ദാന്‍ ബുറോസും യു എസ് ടീമില്‍ ഇടം പിടിച്ചത് ട്രയല്‍സിലൂടെയാണ്. ലോകത്തെവിടെയും അങ്ങനെയാണ്- സുശീല്‍ പറഞ്ഞു.

Latest