Connect with us

Malappuram

തിരൂരില്‍ പ്രചാരണം ഫോട്ടോ ഫിനിഷിലേക്ക്

Published

|

Last Updated

തിരൂര്‍:തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തിരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തിരൂരിലെ സിറ്റിംഗ് എം എല്‍ എ മുസ്‌ലിം ലീഗിന്റെ സി മമ്മൂട്ടിയും നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ എല്‍ ഡി എഫ് സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ഫോട്ടോ ഫിനിഷിംഗില്‍ ഇരു സ്ഥാനാര്‍ഥികളും തന്ത്രങ്ങള്‍ മാറിമാറി മെനഞ്ഞാണ് പ്രചാരണം കനപ്പിച്ചിരിക്കുന്ന്. മണ്ഡലം രൂപവത്കരിച്ചത് മുതല്‍ ഒരു തവണ മാത്രമാണ് തിരൂര്‍ ലീഗില്‍ നിന്നും മാറി വിധിയെഴുതിയത്. 2006ല്‍ മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീറിനെ പരാജയപ്പെടുത്തി തിരൂര്‍കാരനായ സി പി എമ്മിന്റെ പി പി അബ്ദുല്ലക്കുട്ടിയായിരുന്നു മണ്ഡലത്തില്‍ ആദ്യമായി ചെങ്കൊടി പാറിച്ചത്. എന്നാല്‍ കൃത്യം പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാട്ടുകാരനായ മറ്റൊരു ഇടത് സ്ഥാനാര്‍ഥിയോട് മുസ്‌ലിം ലീഗും യു ഡി എഫും പൊരുതുകയാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതോടെ ഇടത് സ്ഥാനാര്‍ഥിയെ നിസാരമായിട്ടായിരുന്നു യു ഡി എഫ് ക്യാമ്പുകള്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ യു ഡി എഫ് നേതാക്കളും വിയര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പടലപ്പിണക്കങ്ങള്‍ മറികടന്ന് പ്രചാരണ ക്യാമ്പയിനുകളില്‍ ഇടത് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് ബഹുദൂരം മുന്നോട്ടു പോയതോടെയാണ് പുതിയ തന്ത്രങ്ങളുമായി യു ഡി എഫും പ്രചാരണത്തില്‍ ശക്തമായി നിലയുറപ്പിച്ചത്. പുതിയ കെട്ടിലും മട്ടിലുമായി എല്‍ ഡി എഫും യു ഡി എഫും പ്രചാരണം പൊടിപൊടിക്കുകയാണിപ്പോള്‍.
കേന്ദ്ര നേതാക്കളെത്തി ബിജെ പിയുടെ പ്രചാരണവും ചൂടുപിടിപ്പിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം ഓരോന്നായി എണ്ണിപ്പറഞ്ഞാണ് യു ഡി എഫിന്റെ പ്രചാരണ യോഗങ്ങള്‍ പുരോഗമിക്കുന്നത്. മണ്ഡലം നിലനിര്‍ത്തുമെന്ന് ലീഗ് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ സ്വതന്ത്രനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫും.
പഞ്ചായത്ത് പര്യടനങ്ങളിലും വാഹന പ്രചരണത്തിലും ഗഫൂറിന്റെ പ്രചരണം ഏറെ മുന്നിലാണുള്ളത്. നഗരത്തിന്റെ വികസന മുരടിപ്പും കുടിവെള്ളം, ഗതാഗതം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ അടിസ്ഥാന വികസനങ്ങളിലെ പിന്നോട്ടടിയും ഉയര്‍ത്തിയാണ് ഇടത് സ്ഥാനാര്‍ഥിയും പ്രചാരണം പൊടിപൊടിക്കുന്നത്.
മുമ്പില്ലാത്ത അത്രയും ഇടതുപക്ഷത്തിന്റെ പ്രചാരണ കെട്ടുറപ്പ് ലീഗ് തട്ടകങ്ങളെയും കൂടുതല്‍ കിതപ്പിക്കുന്നു. കണക്കിലെ ആത്മ വിശ്വാസമാണ് എല്‍ ഡി എഫിന് ഏറെയും പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് വോട്ടുകളില്‍ ഉണ്ടായ ഗണ്യമായ കുറവും തിരൂര്‍ നഗരസഭിയില്‍ എല്‍ ഡി എഫിന്റെ അട്ടിമറി വിജയവും ഇടതു മുന്നണിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു. പോളിംഗ് ബൂത്തിലേക്ക് പോകാനുള്ള മണിക്കൂറുകള്‍ എണ്ണിക്കാത്തിരിക്കുന്ന മുന്നണികള്‍ അവസാനവട്ട പ്രചാരണ പരിപാടികള്‍ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ്.
ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ക്കും ഇടത് വലത് മുന്നണികള്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.
മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു ഡി എഫും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എല്‍ ഡി എഫും പ്രത്യേകം തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും വീഡിയോകളും ഇതിനോടകം പ്രധാന പ്രചാരണ ആയുധമായിക്കഴിഞ്ഞു.

 

Latest