അങ്കത്തട്ടില്‍ വ്യത്യസ്തനായി ഐസക്‌

Posted on: May 13, 2016 5:01 am | Last updated: May 19, 2016 at 8:35 pm
മണ്ണഞ്ചേരിയില്‍ നടത്തിയ ലോംഗ് മാര്‍ച്ചിനൊപ്പം തോമസ് ഐസക്.
മണ്ണഞ്ചേരിയില്‍ നടത്തിയ ലോംഗ് മാര്‍ച്ചിനൊപ്പം തോമസ് ഐസക്.

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രചാരണ പരിപാടികള്‍ വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിന്റെ സ്പന്ദനം നന്നയായി അറിയാവുന്ന ഐസക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് തന്നെ പ്രചാരണ രംഗം കൊഴുപ്പിക്കാനുള്ള വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.
സി പി എം സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതോടെ ശുചിത്വ പദ്ധതിയുമായി രംഗത്ത് വന്ന ഐസക്ക് മണ്ഡലത്തിലെ 17 മേഖലകളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ശുചീകരണ പരിപാടിയില്‍ ആയിരങ്ങള്‍ കണ്ണികളായി. പിന്നീട് മണ്ഡലത്തിലെ 140 ബൂത്തുകളും ശുദ്ധീകരിച്ച് മറ്റു സ്ഥാനാര്‍ഥികള്‍ക്കും മാതൃകയായി. പത്രികസമപ്പണത്തോടനുബന്ധിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കാല്‍ ലക്ഷം പ്ലാവിന്‍തൈകള്‍ വിതരണം ചെയ്യാനുള്ള നീക്കം പക്ഷെ, യു ഡി എഫ് ഇടപെട്ട് തടഞ്ഞു. എങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാ വീടുകളിലും പ്ലാവിന്‍തൈ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഡോ. ഐസക്ക്.
ഇതിനിടെ നവമാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകള്‍ പുസ്തക രൂപത്തിലാക്കി നടന്‍ മമ്മൂട്ടിയെ കൊണ്ട് ഇത് പ്രകാശനം ചെയ്യിച്ചതും ശ്രദ്ധേയമായി. മണ്ഡലത്തിലെ മുക്കുമൂലകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടയിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് വോട്ടര്‍മാരോട് സംവദിക്കാന്‍ സമയം കണ്ടെത്തിയ ഐസക്ക് ഇതിനകം തന്നെ ഫെയ്‌സ്ബുക്കിലൂടെ ആയിരക്കണക്കിനാളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഉറവിട മാലിന്യപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയ ഐസക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഇതിന്റെ തുടര്‍പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ സമയം കണ്ടെത്തി.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിലൂടെ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ച് കയറ്റിയയച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഫഌഷ് മോബ്, ലോംഗ് മാര്‍ച്ച് തുടങ്ങി ഒട്ടേറെ പുതുമയുള്ള പരിപാടികളുമായി ഐസക്ക് വോട്ടര്‍മാരുടെ മനം കവര്‍ന്നു. ഇന്നലെ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ തോമസ് ഐസക്കിന് വോട്ട് അഭ്യര്‍ഥിച്ച് ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
മണ്ണഞ്ചേരിയില്‍ നിന്ന് ജില്ലാ കോടതി ജംഗ്ഷനിലേക്ക് നടന്ന ലോംഗ് മാര്‍ച്ചില്‍ നൂറോളം പേര്‍ തോമസ് ഐസക്കിനെ അനുകരിച്ച് വേഷം ധരിച്ചാണ് പങ്കെടുത്തത്. സ്ഥാനാര്‍ഥിയെപ്പോലെ ജുബ്ബ ധരിച്ച് സ്ഥാനാര്‍ഥിയുടെ മുഖംമൂടിയും ധരിച്ചാണ് ഇവര്‍ ലോംഗ് മാര്‍ച്ച് നയിച്ചത്. മണ്ണഞ്ചേരിയില്‍ അല്‍പ്പദൂരം തോമസ് ഐസക്കും ലോംഗ് മാര്‍ച്ചിനൊപ്പം സഞ്ചരിച്ചു. പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് ഫഌഷ് മോബും അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ചെത്തിയില്‍ നിന്ന് നഗരത്തിലേക്ക് റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ആയിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഇരുചക്രവാഹന റാലിയാണ് പരിപാടിയുടെ പ്രത്യേകത.