ജില്ലയില്‍ 595,681 വോട്ടര്‍മാര്‍; 470 ബൂത്തുകള്‍

Posted on: May 12, 2016 9:07 am | Last updated: May 12, 2016 at 9:07 am

കല്‍പ്പറ്റ: ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി ആകെ വോട്ടര്‍മാര്‍ 595,681. 2016 മേയ് രണ്ടിന് വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ചാണിത്. മൂന്ന് മണ്ഡലങ്ങളിലായി ആകെ 470 ബൂത്തുകളുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലും ഏറ്റവും കുറവ് മാനന്തവാടിയിലുമാണ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 111,013 വനിതകള്‍, 106,648 പുരുഷന്‍മാര്‍ എന്നിങ്ങനെ ആകെ വോട്ടര്‍മാര്‍ 217,661. കല്‍പ്പറ്റ മണ്ഡലത്തില്‍ 97,471 വനിതകള്‍, 93,172 പുരുഷന്‍മാര്‍ എന്നിങ്ങനെ ആകെ വോട്ടര്‍മാര്‍ 190,643. മാനന്തവാടി മണ്ഡലത്തില്‍ 95196 സ്ത്രീ വോട്ടര്‍മാര്‍, 92181 പുരുഷ വോട്ടര്‍മാര്‍ എന്നിങ്ങനെ ആകെ വോട്ടര്‍മാര്‍ 187,377.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിംഗ് ബൂത്തുകളും കല്‍പ്പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്.
ജില്ലയിലെ 42 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ സി സി ടിവി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ലൈവായി തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യും. 25 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവനായും വീഡിയോ കാമറയില്‍ പകര്‍ത്തും. 47 ബൂത്തുകള്‍ മാതൃകാ പോളിംഗ് ബൂത്തുകളായി സജ്ജീകരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് 70 ശതമാനത്തില്‍ കുറഞ്ഞ ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനു പുറമെ ഈ ബൂത്തുകളിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും സ്വീപ് കാംപയിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ‘ഓര്‍മമരം’ പദ്ധതിപ്രകാരം ഫലവൃക്ഷത്തൈകള്‍ നല്‍കും. 47 ബൂത്തുകളിലായി 58,753 വോട്ടര്‍മാരാണുള്ളത്. മറ്റുള്ള ബൂത്തുകളിലെ കന്നി വോട്ടര്‍മാര്‍, 75 വയസ്സ് കഴിഞ്ഞവര്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കും.
ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും.
എട്ട് ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വനിതകളായിരിക്കും.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇത്തരം നടപടി സ്വീകരിച്ചത്. നഗരപ്രദേശങ്ങളിലെ ബൂത്തുകളാണ് ഇതിനായി തിരഞ്ഞെടുത്തത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വനിതകളായ ബൂത്തുകള്‍ ഇനി പറയുന്നവയാണ്.
മാനന്തവാടി: ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍ മാനന്തവാടി (മധ്യഭാഗത്തെ കെട്ടിടം), ലിറ്റില്‍ ഫഌവര്‍ യു പി സ്‌കൂള്‍ മാനന്തവാടി (കിഴക്കെ കെട്ടിടത്തിലെ വടക്ക് ഭാഗം), സേക്രട്ട് ഹേര്‍ട്ട് ഹയര്‍ സെക്കണ്ടറി ദ്വാരക (പ്രധാന കെട്ടിടത്തിലെ തെക്ക് ഭാഗം)
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി (ഗ്രൗണ്ട് ഫ്‌ളോറിലെ ഇടത് ഭാഗം), ഗവ. സര്‍വ്വജന വി എച്ച് എസ് എസ് സുല്‍ത്താന്‍ ബത്തേരി (മധ്യ ഭാഗം) സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി (മധ്യ ഭാഗം)
കല്‍പ്പറ്റ: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ യു പി സ്‌കൂള്‍ കല്‍പ്പറ്റ (ഇടത് ഭാഗം), എസ്‌കെഎം ജെ എച്ച് എസ്എസ് (പുതിയ കെട്ടിടം വലത് ഭാഗം)