Connect with us

Malappuram

സ്ഥാനാര്‍ഥിയുടെ ഫോട്ടോ മൊബൈലില്‍ സൂക്ഷിച്ചതിന് താനൂരില്‍ യുവാവിന് നേരെ ലീഗുകാരുടെ മര്‍ദനം

Published

|

Last Updated

തിരൂര്‍: താനൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹിമാന്റെ ഫോട്ടോ മൊബൈലില്‍ സൂക്ഷിച്ചതിന് യുവാവിന് നേരെ ലീഗുകാരുടെ മര്‍ദനം.
താനൂര്‍ താഹാ ബീച്ചില്‍ വെച്ചായിരുന്നു മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തിന് യുവാവ് വിധേയമായത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. അക്രമത്തില്‍ മര്‍ദനമേറ്റ ഏണിക്കടവത്ത് ചെറിയബാവയുടെ മകന്‍ അര്‍ശാദി(23)നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ഷാദിന്റെ തലക്കും വലത് കൈക്കും ഇരു കാലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
മൊബൈലിന്റെ പുറകില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹിമാന്റെ ഫോട്ടോ പതിച്ചത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന് നേരെ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദനമുണ്ടായത്. ഫോട്ടോ നീക്കം ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ലീഗ് പ്രവര്‍ത്തകരായ ഹാജിയാരകത്ത് അഷ്‌ക്കര്‍, കമ്മുക്കടവത്ത് ആസാദ് എന്നിവര്‍ ചേര്‍ന്ന് തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി ഫോട്ടോ നീക്കം ചെയ്യുകയും ഇരുമ്പ് വടികൊണ്ട് തലക്കും കൈകാലുകള്‍ക്കും ക്രൂരമായി അടിക്കുകയായിരുന്നുവെന്നും മര്‍ദനത്തിനിരയായ അര്‍ശാദ് പറഞ്ഞു.
അര്‍ശാദ് അവശനായി നിലംപതിക്കും വരെ അക്രമികള്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്. അക്രമത്തിനിരയായ അര്‍ഷാദിനെ പ്രദേശത്തെ സി പി എം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലീഗിന്റെ അക്രമ രാഷ്ട്രീയത്തില്‍ മനംമടുത്ത് ഈയിടെയായിരുന്നു അര്‍ഷാദ് ഇടതു മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് തന്നെ മര്‍ദിച്ചതെന്നും സംഭവം താനൂര്‍ പോലീസില്‍ പരാതിപ്പെട്ടതായും അര്‍ഷാദ് പറഞ്ഞു.

Latest