Connect with us

Idukki

ഇടുക്കിയില്‍ അണ്ണാ ഡിഎംകെ ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നതായി പോലീസ്

Published

|

Last Updated

ഇടുക്കി: പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് ഇടുക്കിയില്‍ അണ്ണാ ഡിഎംകെ ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നതായി പോലീസ്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഇടുക്കിയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ആഭ്യന്തര കലാപത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ഇതുവരെ രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ 12 കേസുകളിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്. പീരുമേട് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് 12ല്‍ 10 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഭാഷാ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളും നേതാക്കളും നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പീരുമേട് മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ഒരു വനിതാ നേതാവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജില്ലയില്‍ മത്സരരംഗത്തുള്ള മൂന്ന് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Latest