ഹരീഷ് റാവത്തിന് മുഖ്യമന്ത്രിയായി തുടരാം

Posted on: May 11, 2016 11:26 pm | Last updated: May 11, 2016 at 11:26 pm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിലെ വിമത നീക്കത്തിന് പിന്നാലെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇന്നലെ പ്രത്യേകമായി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഉത്തരവ് പിന്‍വലിച്ചത്. ഹരീഷ് റാവത്ത് മന്ത്രിസഭ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപിച്ച ശേഷം സുപ്രീം കോടതി രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സമ്മര്‍ദങ്ങളിലേക്ക് നീങ്ങേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസ വോട്ട് നടപടികള്‍ നിരീക്ഷിക്കാന്‍ കോടതി നിയോഗിച്ച നിരീക്ഷകന്റെയും സ്പീക്കറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്. റാവത്തിന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാഷ്ട്രപതി ഭരണം പിന്‍വലിച്ച ഉത്തരവ് ഹാജരാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹരീഷ് റാവത്തിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചുവെന്നും 33 വോട്ട് നേടി കോണ്‍ഗ്രസ് ജയിച്ചുവെന്ന് കോടതിയെ അറിയിച്ച അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സന്നദ്ധതയും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ചയാണ് ഉത്താഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന്റെ ഫലം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഉത്തരാഖണ്ഡിലേത് ജനാധിപത്യത്തിന്റെ വിജയമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇനിയെങ്കിലും ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് ബി ജെ പി പിന്മാറണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.
ഉത്തരാഖണ്ഡിലെ ജനാധിപത്യത്തെ അംഗീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയെങ്കിലും അംഗങ്ങള്‍ക്ക് കോഴ നല്‍കിയാണ് ഹരീഷ് റാവത്ത് പിന്തുണ സംഘടിപ്പിച്ചതെന്ന ആരോപണം ബി ജെ പി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.