Connect with us

Gulf

ദോഹ സ്‌പോര്‍ട്‌സ് കോടതി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ഒളിംപിക് കമ്മിറ്റി

Published

|

Last Updated

ദോഹ: ജി സി സി കായികമേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സ്‌പോര്‍ട്‌സ് കോടതി വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഖത്വര്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. താനി അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരി അറിയിച്ചു. ഖത്വര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശദീകരിച്ചത്.
ഒളിംപിക് കമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഇവിടെ പരിഹരിക്കും. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചട്ടങ്ങളും വ്യവസ്ഥകളും രൂപീകരിക്കുന്നുണ്ട്. കോടതിയുടെ അധ്യക്ഷസ്ഥാനം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കോടതി യാഥാര്‍ഥ്യമാക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഓഫ് നാഷനല്‍ ഒളിംപിക് കമ്മിറ്റി യോഗത്തിനും ഈ വര്‍ഷം ഖത്വര്‍ വേദിയാകും. ലോക കായിക താരങ്ങളും സംഘാടകരും രാജ്യാന്തര കായിക ഫെഡറേഷന്‍ നേതാക്കളും പങ്കെടുക്കും. നേരത്തേ റിയോ ഡി ജനീറയില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും രാജ്യാന്തര കായിക മേഖലയിലുള്ള ഖത്വറിന്റെ പ്രാധാന്യം അംഗീകരിച്ചാണ് ഈ പ്രധാന സമ്മേളനത്തിനു ഖത്വര്‍ വേദിയായത്.
ഖത്വറില്‍ സംഘടിപ്പിക്കപ്പെടുന്ന കായികമത്സരങ്ങള്‍ വലിയതോതില്‍ വിജയകരമാകുന്നുണ്ട്. ഖത്വറിന്റെ വിജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഖത്വര്‍ ഒളിംപിക്‌സ് കമ്മിറ്റിയുമായി സഹകരിക്കാന്‍ വിവിധ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ലോഞ്ചസ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് സഹകരണത്തിനായി തുര്‍ക്ക്‌മെനിസ്ഥാന്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2028 ഒളിംപിക്‌സ് വേദിക്കായി ഖത്വര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു ശേഷം ഏതു ടൂര്‍ണമെന്റിനുമുള്ള അടിസ്ഥാന സൗകര്യം ഖത്വറിനുണ്ടാകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. ലോക ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ് (2018), ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്, ലോക ബോളിങ് ചാംപ്യന്‍ഷിപ് (2019), ഫിഫ ലോകകപ്പ് (2022), ലോക നീന്തല്‍ ചാംപ്യന്‍ഷിപ് (2023) തുടങ്ങിയവയാണ് രാജ്യത്ത് ഇനി നടക്കുന്ന പ്രധാന മത്സരങ്ങള്‍. ഈ വര്‍ഷം ഏകദേശം നാല്‍പ്പതോളം രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്കു ഖത്വര്‍ ആതിഥേയത്വം വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.