Connect with us

Gulf

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ചരിത്രത്തിലെ വന്‍ ലാഭം

Published

|

Last Updated

EMIRATES

ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് 2016 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 820 കോടി ദിര്‍ഹമിന്റെ ലാഭമുണ്ടായതായി ചെയര്‍മാനും സി ഇ ഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുമ്പത്തെ വര്‍ഷം 550 കോടിയായിരുന്നു ലാഭം. എണ്ണവില ഇടിവാണ് എയര്‍ലൈന്റെ നേട്ടത്തിന് കാരണമെന്നും ശൈഖ് അഹ്മദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 5.19 കോടി യാത്രക്കാരെയാണ് വഹിച്ചത്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വര്‍ധനവുണ്ട്. എമിറേറ്റ്‌സിന്റെ അനുബന്ധ സ്ഥാപനമായ ഡിനാട്ട 110 കോടി ദിര്‍ഹമിന്റെ വരുമാനമുണ്ടാക്കി. 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പിന് എണ്ണവിലയിടിവ് 900 കോടി ദിര്‍ഹമാണ് പ്രവര്‍ത്തനലാഭം നേടിക്കൊടുത്തത്. അതേസമയം പ്രവര്‍ത്തനച്ചെലവിന്റെ 26 ശതമാനം ഇന്ധനത്തിന് വേണ്ടിയാണ് ചെലവ് ചെയ്യുന്നത്. മാര്‍ച്ച് 31 വരെ 251 എയര്‍ ക്രാഫ്റ്റുകള്‍ സ്വന്തമാക്കി. 12 മാസത്തിനിടയില്‍ 29 എയര്‍ക്രാഫ്റ്റുകളാണ് വാങ്ങിയത്. ഇതിനിടയില്‍ ഒമ്പത് എയര്‍ക്രാഫ്റ്റുകള്‍ പഴക്കം കാരണം ഉപേക്ഷിച്ചുവെന്നും ശൈഖ് അഹ്മദ് പറഞ്ഞു. ഏറ്റവും ആധുനികമായ എയര്‍ബസ് എ 380 കൂടുതലായി വാങ്ങിക്കൂട്ടുമെന്ന് പ്രസിഡന്റ് ടിന്‍ ക്ലര്‍ക്ക് വാര്‍ത്താലേഖകരെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളാണ് എയര്‍ബസ് എ 380. ഇന്ധനക്ഷമത കൂടിയ എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കണമെന്ന് വിമാന നിര്‍മാണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രണ്ട് എ 380 വിമാനങ്ങളാണ് വാങ്ങിയത്. 619 സീറ്റുകളുണ്ട്. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ തന്നെ വലിയ ലാഭമാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉണ്ടാക്കിയതെന്നും ടിന്‍ ക്ലര്‍ക്ക് വ്യക്തമാക്കി.

 

Latest