Connect with us

Malappuram

വള്ളിക്കുന്നില്‍ പോരാട്ടം കനത്തു

Published

|

Last Updated

പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. ഒ കെ തങ്ങള്‍

മലപ്പുറം:പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മത്സരം കനത്ത മണ്ഡലങ്ങളുടെ പട്ടികയിലെത്തിയിരിക്കുകയാണ് വള്ളിക്കുന്ന്. 2011ലെ ആദ്യ അങ്കത്തില്‍ ലീഗിനെ വേണ്ടുവോളം സന്തോഷിപ്പിച്ച മണ്ഡലം ഇത്തവണ അവര്‍ക്ക് അത്ര സുരക്ഷിതമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ആദ്യ ഘട്ടത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് പ്രചാരണത്തില്‍ മുന്നില്‍ നിന്നിരുന്നത്. അവസാനഘട്ടമെത്തിയപ്പോള്‍ എല്‍ ഡി എഫിലെ അഡ്വ. ഒ കെ തങ്ങള്‍ മണ്ഡലം നിറഞ്ഞുനില്‍ക്കുകയാണ്. ഹമീദ് മാസ്റ്റര്‍ പ്രചാരണം തുടങ്ങി ഒരു മാസം കഴിഞ്ഞാണ് അഡ്വ. ഒ കെ തങ്ങള്‍ പ്രചാരണം ആരംഭിച്ചത്. ലീഗിന് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ പോലും ഇടത് സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.

2011ല്‍ പതിനെട്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് വള്ളിക്കുന്നില്‍ ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ കോണി കയറിയത്. പൊതുസ്വീകാര്യനായിരുന്ന കെ എന്‍ എ ഖാദറിന് നേട്ടമുണ്ടാക്കിയ ഘടകങ്ങള്‍ ഇത്തവണ ലീഗിനെ തുണക്കുമോ എന്ന കണ്ടറിയേണ്ടതുണ്ട്. ഖാദറിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയതും ലീഗിലെ പ്രബലമായ വിഭാഗത്തിന് ഹമീദ് മാസ്റ്ററോടുള്ള എതിര്‍പ്പും ചതിക്കുമോ എന്ന് അണികള്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. സ്വന്തം മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ പോലും ജയിക്കാനാകാത്ത ഹമീദ് മാസ്റ്ററെ വള്ളിക്കുന്നില്‍ കൊണ്ടുവന്നതിനെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വികസനവുമായി ബന്ധപ്പെട്ട് ഖാദറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന ഹമീദ് മാസ്റ്ററെ ഗോദയിലിറക്കുകയായിരുന്നു.

മണ്ഡലത്തില്‍ ഉള്‍പ്പെട്ട മൂന്നിയൂര്‍ പാറക്കടവില്‍ ജനിച്ചുവളര്‍ന്നയാളെന്ന വിശേഷണത്തോടെയാണ് അഡ്വ. ഒകെ തങ്ങളെ എല്‍ ഡി എഫ് കളത്തിലിറക്കിയത്. കാല്‍ നൂറ്റാണ്ടായി മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനായ തങ്ങള്‍ക്ക് മണ്ഡലവുമായുള്ള അടുത്ത ബന്ധം വോട്ടാകുമെന്ന് എല്‍ ഡിഎഫ് ഉറപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇടതിന് വിജയവഴി ഒരുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധ തരംഗവും വ്യക്തിഗത വോട്ടുകളും ചേരുന്നതോടെ മികച്ച ഭൂരിപക്ഷത്തോടെ തങ്ങളുടെ വിജയം ഉറപ്പാകുമെന്ന് ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ലീഗിന് ലഭിച്ച വന്‍ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തില്‍ താഴെയായി ചുരുങ്ങിയത് മണ്ഡലം മാറിച്ചിന്തിക്കുന്നതിന്റെ സൂചനയായാണ് അവര്‍ വിലയിരുത്തുന്നത്.

മണ്ഡലത്തിലെ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയമുറപ്പിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. റോഡ് വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ നേട്ടമുണ്ടാക്കാനായെന്നാണ് അവകാശവാദം. മണ്ഡലത്തെ ഹൈടെക് ആക്കിയെന്ന് ലിഗ് നേതൃത്വം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചേലേമ്പ്രയില്‍ ഒഴികെ മറ്റു പഞ്ചായത്തുകളിലെല്ലാം നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഭരണം നിലനിര്‍ത്താനായതും യു ഡി എഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷത്തില്‍ കുറയാമെങ്കിലും വിജയം സുനിശ്ചിതമാണെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നാണ് ഇവര്‍ക്കിടയിലെ സംസാരം. ഇത് ലീഗിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ വ്യക്തമായ തെളിവാണെന്ന് ഇടതുപക്ഷം പറയുന്നു.

കുടിവെള്ളപ്രശ്‌നം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ അടിസ്ഥാനപ്രശനങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് എല്‍ ഡി എഫിന്റെ പ്രധാന ആരോപണം. അതുകൊണ്ടുതന്നെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറച്ച വാഗ്ദാനമാണ് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ മുന്നോട്ടുവെക്കുന്നത്.
കോഴിക്കോട് വിമാനത്താവളം, ഹജ്ജ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലീഗിനെതിര ഉയര്‍ന്ന ആരോപണങ്ങളും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്. വിമാനത്താവളത്തെ തകര്‍ത്തെന്നും ഹജ്ജ് ഹൗസിനെ കല്യാണമണ്ഡപമാക്കി മാറ്റിയെന്നുമാണ് എല്‍ ഡി എഫിന്റെ ആരോപണം.

Latest