കരിപ്പൂര്‍ റണ്‍വേ നവീകരണം ഡിസംബറില്‍ പൂര്‍ത്തിയാകും

Posted on: May 11, 2016 9:26 am | Last updated: May 11, 2016 at 9:26 am

KARIPURകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് റണ്‍വേ റീ കാര്‍പെറ്റിംഗ് ജോലികള്‍ ആരംഭിച്ചത്. 2.85 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ നാല് പാളികളായാണ് ബലപ്പെടുത്തുന്നത്. രണ്ട് പാളികളുടെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. ശേഷിച്ച രണ്ട് പാളികളുടെ നിര്‍മാണ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും.
എന്നാല്‍ റണ്‍വേ നവീകരണം ആരംഭിക്കുന്നതിന് അഞ്ച് മാസം മുമ്പ് തന്നെ ജംബോജെറ്റ് വിഭാഗത്തിലുള്ള വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി നിഷേധിച്ചിരുന്നു. ഇക്കാരണത്താല്‍ എയര്‍ ഇന്ത്യയുടെയും എമിറേറ്റ്‌സിന്റെയും രണ്ടും സഊദി എയര്‍ലൈന്‍സിന്റെ ഒന്നും വലിയ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് പിന്‍വാങ്ങിയത്. ഇത് കാരണം ആഴ്ചയില്‍ 18, 900 യാത്രക്കാരുടെ കുറവ് കരിപ്പൂരിലുണ്ടായി. റണ്‍വേ നവീകരണം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് ഡി ജി സി ഐ തീരുമാനം. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി ഇറങ്ങുന്നതിനുള്ള റണ്‍വേ ദൈര്‍ഘ്യം ഇല്ലെന്നാണ് ഇതിന് കാരണം. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കാന്‍ കാരണമായത്. റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നത് വരെ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ റണ്‍വേ അടച്ചിടുന്നത് തുടരും.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനനുള്ള ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. പരിശോധിക്കാനായി ഇന്നലെ കരിപ്പൂരിലെത്തിയ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡി സി ദില്‍വാലിയ, എയര്‍പോര്‍ട്ട് അതോറിറ്റി ജനനറല്‍ മാനേജര്‍ ധര്‍മരാജ് എന്നിവര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജീവനക്കാര്‍ എയര്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇതിനാല്‍ സിസ്റ്റം വെറുതെ കിടക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചതോടെ എയര്‍ ഇന്ത്യ ജീവനക്കാരെ വെച്ച് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ രംഗത്തുവരികയായിരുന്നു. മൂന്ന് കോടി രൂപ ചെലവില്‍ ഇറക്കുമതിചെയ്ത അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം പ്രവര്‍ത്തിക്കാനുള്ള അനുകൂല റിപ്പോര്‍ട്ട് സിവില്‍ എവിയേഷന്‍ സംഘം ഡല്‍ഹി കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കുന്ന മുറക്ക് ഇത് പ്രവര്‍ത്തിച്ചു തുടങ്ങും.