Connect with us

International

ലോകത്തെ അത്യാഡംബര നഗരങ്ങളിലൊന്നായ ഹോങ്കോംഗില്‍ പ്രായമായവര്‍ പട്ടിണിയിലും ദുരിതത്തില

Published

|

Last Updated

ഹോങ്കോംഗ് സിറ്റി: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹോങ്കോംഗില്‍ പ്രായമായവര്‍ കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെടുന്നതായി റിപ്പോര്‍ട്ട്. ജീവിതച്ചെലവ് ഏറ്റവും ഉയര്‍ന്ന, ലോകത്ത് മറ്റൊരു നഗരങ്ങളിലുമില്ലാത്തത്ര എണ്ണം റോള്‍സ് റോയ്‌സ് ആഡംബര കാറുകള്‍ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന നഗരമാണ് ഹോങ്കോംഗ്. പക്ഷേ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതം നിലനിര്‍ത്തുന്നത് ദുരിതങ്ങള്‍ സഹിച്ചുകൊണ്ടാണ്. എഴുപത് ലക്ഷം പേരാണ് നഗരത്തില്‍ താമസിക്കുന്നതെങ്കിലും ഇവരില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരു ഭാഗവും പട്ടിണിയിലാണെന്ന് കണക്കുകള്‍ പറയുന്നു. പ്രായമായ ആളുകളുടെ എണ്ണം വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയും ഇവരെ സംരക്ഷിക്കുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളിലും സര്‍ക്കാറിലും സമ്മര്‍ദം ഏറിവരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രായമായവര്‍ക്ക് സര്‍ക്കാറില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാണെങ്കിലും ഇത് അവരുടെ നിലനില്‍പ്പിന് മതിയാകുന്നില്ല. നഗരത്തിലെ ജീവിത ചെലവ് വളരെ വലിയ തോതിലായതാണ് ഇതിന് പറയപ്പെടുന്ന പ്രധാന കാരണം. അതുപോലെ മക്കളുള്ള പ്രായമായ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം കിട്ടാന്‍ കടമ്പകളേറെയാണ്. പ്രായമായവരില്‍ പലരും ജീവിക്കാനാവശ്യമായ തുകയൊന്നും ഇല്ലാത്തവരാണ്. അതുകൊണ്ട് തന്നെ പ്രായമായ പല ആളുകളും നിയമവിരുദ്ധമായ ജോലികളില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ തൂപ്പു ജോലി പോലുള്ളവയിലോ ഏര്‍പ്പെടുകയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ലോകത്ത് ഏറ്റവും ഉയര്‍ന്ന വാടകയുള്ള നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ് സിറ്റി. ഇതുകാരണം പ്രായമായ, വേണ്ടത്ര സമ്പാദ്യമില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ താമസിക്കാന്‍ ഉചിതമായ സ്ഥലമില്ലാത്തവരുമാണ്.
പ്രായമായവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെങ്കിലും വേണ്ടത്ര രീതിയില്‍ ഇത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറും പരാജയപ്പെടുന്നു. പ്രായമായവരെ സംരക്ഷിക്കുന്നതാണ് ഇവിടുത്തെ സംസ്‌കാരമെങ്കിലും വളരെ കുറഞ്ഞ വരുമാനമുള്ള മക്കളോ മറ്റു അടുത്ത ബന്ധുക്കളോ ഇതിന് മുന്നോട്ടുവരാത്തതും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

Latest