മുന്നണികളിലെ പോര് മുറുകുന്നു; നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍

Posted on: May 10, 2016 5:05 am | Last updated: May 10, 2016 at 1:06 am

മലപ്പുറം: പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മുന്നണികളിലെ പോര് സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മലപ്പുറത്ത് ലീഗ്- കോണ്‍ഗ്രസ്, സി പി എം – സി പി ഐ ഏറ്റുമുട്ടലുകള്‍ പല മണ്ഡലങ്ങളിലും അരങ്ങേറുന്നുണ്ട്. മുന്നണികളിലെ പിണക്കം ആരെ തുണക്കുമെന്ന ആശങ്കയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തിരൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ തീ പാറുന്ന മത്സരമാണ് നടക്കുന്നത്. ഇവിടെ മുന്നണികളിലെ വോട്ട് തന്നെ പെട്ടിയില്‍ വീഴുമോ എന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികള്‍. കനത്ത മത്സരം നടക്കുന്ന ഇവിടെ ഓരോ വോട്ടും പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. ജില്ലയില്‍ ലീഗിന്റെ ‘വല്യേട്ടന്‍’ നയമാണ് കോണ്‍ഗ്രസ് അണികളെ പ്രകോപിക്കുന്നത്.
കനത്ത പോരാട്ടം നടക്കുന്ന തേക്കിന്റെ നാടായ നിലമ്പൂരില്‍ മുന്നണികളിലെ പോര് ഇരു സ്ഥാനാര്‍ഥികള്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം തന്നെ അതൃപ്തി നിറഞ്ഞതായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. കെ പി സി സി സെക്രട്ടറി വി വി പ്രകാശ് സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ആര്യാടന്‍ മുഹമ്മദിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് മകന്‍ തന്നെ ടിക്കറ്റ് ലഭിച്ചു. ഇതിന്റെ പടലപ്പിണക്കങ്ങള്‍ ഇത് വരെ തീര്‍ന്നിട്ടില്ല. ഇതിന് പുറമെ ലീഗ് പ്രവര്‍ത്തകര്‍ക്കും ആര്യാടന്‍ കുടുംബാധിപത്യം തുടക്കം കുറിക്കുന്നതിന് എതിര്‍പ്പുണ്ട്. ജില്ലയില്‍ ലീഗ് വിരുദ്ധ നിലപാട് എടുക്കുന്ന ഇനിയെരു കുട്ടി ആര്യാടന്‍ വിജയിക്കാന്‍ പാടില്ല എന്നതാണ് ലീഗ് അണികളുടെ നിലപാട്. ഇതിനാല്‍ നേതാക്കന്മാരും പ്രവര്‍ത്തകരും അരങ്ങില്‍ സജീവമാണെങ്കിലും അണിയറയില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കുമെന്നാണ് അറിയുന്നത്.
എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ സി പി ഐ യുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. 2011 ല്‍ ഏറനാട് മണ്ഡലത്തില്‍ പി വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ച് സി പി ഐ മൂന്നാം സ്ഥാനാത്തേക്ക് എത്തി. പിന്നീട് ലോക്‌സഭയിലും വയനാട് മണ്ഡലത്തില്‍ സത്യന്‍ മെകേരിക്കെതിരെ മത്സരിച്ചിരുന്നു. ഇതാണ് പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സി പി ഐയെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച പ്രൊഫ. തോമസ് മാത്യു ഇത്തവണ അവസരം കൊടുക്കണമെന്ന് സി പി എമ്മിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിനെയാണ് കളിക്കളത്തില്‍ ഇറക്കാന്‍ സി പി എം തീരുമാനിച്ചത്. മുന്നണികളിലെ പുകച്ചില്‍ ആര്‍ക്കാണ് നേട്ടമെന്നത് പ്രവചനാതീതമാണ്.
പെരിന്തല്‍ണ്ണയില്‍ അലി ഫാന്‍സ് യു ഡി എഫ് സ്ഥാനാര്‍ഥി അലിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നതും ലീഗ് ക്യാമ്പിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. അലിയുടെ കൂടെ പ്രചാരണത്തില്‍ സജീവമായവരാണ് ഇപ്പോള്‍ പിണങ്ങിയിരിക്കുന്നത്. ഇവിടെ വാശിയേറിയ മത്സരമാണ് അലിയും – ശശികുമാറും തമ്മില്‍ നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനാണ് യു ഡി എഫ് കിണഞ്ഞ് ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് സി പി എം.
താനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ കോണ്‍ഗ്രസ് നേതാവും, തിരൂര്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റായിരുന്നു. ഇതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം താനൂരില്‍ വി അബ്ദുര്‍റഹ്മാന്റെ കൂടെയാണ് അണി നിരക്കുന്നത്.
കൊണ്ടോട്ടി മണ്ഡലത്തില്‍ ലീഗ്- കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഇതുവരെ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതിനാല്‍ സ്ഥാനാര്‍ഥികള്‍ വോട്ടിന് വേണ്ടി നാടും നഗരവും ഓടി നടക്കുമ്പോള്‍ സ്വന്തം മുന്നണിയിലെ വോട്ട് തന്നെ കിട്ടുമോ എന്ന ആശങ്കയിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പല്‍ ലീഗ്-കോണ്‍ഗ്രസ് തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജില്ലയില്‍ ഇടതുപക്ഷ തരംഗമുണ്ടായിരുന്നു.