Connect with us

Kerala

അന്താരാഷ്ട്ര ഉലമാ കോണ്‍ഫറന്‍സ് ഇന്ന് മര്‍കസില്‍ തുടങ്ങും

Published

|

Last Updated

അന്താരാഷ്ട്ര സഖാഫി ദഅ്‌വോ കോണ്‍ഫറന്‍സിനായി സജ്ജീകരിച്ച വേദി

കോഴിക്കോട്: ഇസ്‌ലാമിന്റെ പേരില്‍ നടന്നുവരുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിന് പണ്ഡിതന്മാരെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി കാരന്തൂര്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഉലമാ കോണ്‍ഫറന്‍സിനും ആത്മീയ സമ്മേളനത്തിനും ഇന്ന് തുടക്കമാകും. മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന 8000 പണ്ഡിതന്മാരില്‍നിന്ന് തിരഞ്ഞെടുത്ത ആയിരം പേരാണ് സമ്മേളനത്തില്‍ സംബന്ധിക്കുക. മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ മുല്‍തസം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിക്ക് വൈകീട്ട് നാലിന് സയ്യിദ് യൂസുഫ് കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോണ്‍ഫറന്‍സ് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സിലെ സ്ഥിരാംഗങ്ങള്‍ക്ക് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍ദേശം നല്‍കും.
വൈകുന്നേരം ഏഴിന് അന്താരാഷ്ട്ര ദഅ്‌വാ സംഗമത്തിന് ഈജിപ്ത് പ്രസിഡന്റിന്റെ ഉപദേഷ്ടാവും അല്‍അസ്ഹര്‍ സര്‍വകലാശാല ചരിത്ര വിഭാഗം തലവനുമായ ഡോ. ഉസാമ സയ്യിദ് അല്‍ അസ്ഹരി നേതൃത്വം നല്‍കും. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി, എം പി മുസ്തഫല്‍ ഫൈസി വിഷയങ്ങള്‍ അവതരിപ്പിക്കും. ശൈഖ് സൈനുല്‍ ആബിദ് അല്‍ ഹാമിദ് (മലേഷ്യ), ശൈഖ് സ്വലാഹുദ്ദീന്‍ (ചെച്‌നിയ), ശൈഖ് മുഹമ്മദ് അല്‍ ഷീദ (ഒമാന്‍), ശൈഖ് ഹാശിം സ്വാഫി (യു എ ഇ) പങ്കെടുക്കും.
നാളെ പുലര്‍ച്ചെ അഞ്ചിനും വൈകീട്ട് അഞ്ചിനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹദീസ് ദര്‍സ് നടക്കും. രാവിലെ 8.30ന് ഫിഖ്ഹ് സെമിനാറും. ഉച്ചക്ക് 1.30ന് ദഅ്‌വാ സെഷനും വെകീട്ട് 5.30ന് ദാഈ സെമിനാറും നടക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന തസവുഫ് കോണ്‍ഫറന്‍സില്‍ ലബനാന്‍ മുഫ്തി ശൈഖ് ഉസാമ അല്‍ രിഫാഇ, അഫീഫുദ്ദീന്‍ ജീലാനി (മലേഷ്യ), അബ്ദുല്‍ ഫത്താഹ് അല്‍ മൂറ് (തൂണീഷ്യ), സയ്യിദ് ഹാമിദ് അഹ്മദ് ഹബീബ് (മദീന) നേതൃത്വം നല്‍കും.
12ന് രാവിലെ പത്തിന് മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉലമാ സമ്മേളനം അറബ്‌ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അബുല്‍ അബ്ബാസ് നായിഫ് അല്‍ മസ്ഊദി (ഈജിപ്ത്) ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, പേരോട് അബദുര്‍റഹ്മാന്‍ സഖാഫി ക്ലാസെടുക്കും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ദഅ്‌വ കര്‍മപദ്ധതിയും മര്‍കസ് നാല്‍പ്പതാം വാര്‍ഷിക രുപരേഖയും അവതരിപ്പിക്കും. രാത്രി ഒമ്പതിന് നടക്കുന്ന ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൂഫിവര്യരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വഗതസംഘം ചെയര്‍മാന്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സഖാഫി ശൂറാ സെക്രട്ടറി തറയിട്ടാന്‍ ഹസന്‍ സഖാഫി, മീഡിയ കണ്‍വീനര്‍ വി ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സമദ് സഖാഫി മായനാട് സംബന്ധിച്ചു.

 

Latest