Connect with us

Gulf

ഖിയ ഫോട്‌ബോള്‍ മേളയില്‍ ടീം എം ബി എം ചാമ്പ്യന്മാര്‍

Published

|

Last Updated

ടീം എം ബി എം ഖിയ ചാംപ്യന്‍സ് ലീഗ് ട്രോഫിയുമായി

ദോഹ: കെ മാര്‍ട്ട് ട്രോഫിക്കായുള്ള ഖിയ ചാമ്പ്യന്‍സ് ലീഗ് അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടീം എം ബി എം ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സിറ്റി എക്‌സ്‌ചേഞ്ച് നാദം ദോഹയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈ ബ്രേക്കറില്‍ ആണ് ടീം എം ബി എം മറികടന്നത്.
കളിയുടെ 88 ാം മിനുട്ട് വരെ മുന്നില്‍നിന്ന നാദം ദോഹയെ മൂന്നാം നമ്പര്‍ താരം ബിനോയിലൂടെ നേടിയ ഗോളില്‍ എം ബി എം സമനിലയില്‍ തളക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച നാദം, ഇരുപത്തിനാലാം മിനുട്ടില്‍ മുന്നേറ്റ നിരയിലെ ശമീറിലൂടെ ലക്ഷ്യം കണ്ടു. തുടര്‍ന്നും കളിയുടെ കടിഞ്ഞാണ്‍ നാദത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. മുപ്പത്തി ഏട്ടാം മിനുട്ടില്‍, ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സതീശനിലൂടെ വീണ്ടും വലകുലുക്കിയ സിറ്റി എക്‌സ്‌ചേഞ്ച് നാദം ഖിയ ട്രോഫിയില്‍ വീണ്ടും മുത്തമിടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നാല്‍പ്പതാം മിനുട്ടില്‍ 12 ാം നമ്പര്‍ താരം ബ്രയോണിലൂടെ ഗോള്‍ നേടി ടീം എം ബി എം കളിയിലേക്ക് തിരിച്ച് വന്നത്.
രണ്ടാം പകുതിയില്‍ എം ബി എം നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും യൂനിവേര്‍സിറ്റി താരം ജാഫറിനെ ഭേദിക്കാന്‍ ആയില്ല. അല്‍പ്പം പരുക്കന്‍ ശൈലി പുറത്തെടുത്ത എം ബി എമ്മിന് നാലു മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചു. നാദം ദോഹയുടെ ആക്രണത്തിന് കളി അവസാനിക്കാന്‍ രണ്ടു മിനുട്ട് മാത്രമുള്ളപ്പോള്‍ ലക്ഷ്യം കണ്ടു. തുടര്‍ന്ന് 10 മിനുട്ട് എക്‌സ്ട്രാ സമയം ഉണ്ടായെങ്കിലും ആര്‍ക്കും ഗോളിയെ മറികടക്കാന്‍ ആയില്ല.
ശേഷം നടന്ന ടൈ ബ്രേക്കറില്‍ പെനാല്‍റ്റി വിദഗ്ദനായ ഗോള്‍ കീപ്പര്‍ സുമിത്, നാദത്തിന്റെ ആദ്യ കിക്ക് തന്നെ തടുത്ത് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ടൈ ബ്രേക്കറില്‍ എം ബി എം മൂന്നു ഗോളുകള്‍ നേടിയപ്പോള്‍ നാദത്തിനു ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.
വിജയികള്‍ക്കുള്ള കെ മാര്‍ട്ട് ട്രോഫി, കെ മാര്‍ട്ട് എം ഡി സഈദ് നസീര്‍ വിതരണം ചെയ്തു. നാദം ദോഹക്കുള്ള ട്രോഫി, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍ വിതരണം ചെയ്തു. മെഡലുകള്‍ ഖിയ പ്രസിഡന്റ് ഇ പി അബ്ദുര്‍റഹ്മാന്‍, സി ഒ ഒ സഫീര്‍ ചേന്ദമംഗലൂര്‍, പാട്രന്‍ എം എസ് ബുഖാരി, വൈസ് പ്രസിഡന്റ് നിലാങ്ശു ഡേ, അബ്ദുര്‍റഹ്മാന്‍ കെ സി, ബഷീര്‍, മുര്‍ഷിദ് എന്നിവര്‍ വിതരണം ചെയ്തു. സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ ഷോ, എയര്‍ ഷോ, മലര്‍വാടി ദൃശ്യവിരുന്ന് എന്നിവ നടന്നു.

Latest