ഗെയ്‌ലിനേയും സര്‍ഫ്രാസ് ഖാനെയും ഒഴിവാക്കിയത് തന്നെയാണെന്ന് കോഹ്‌ലി

Posted on: May 9, 2016 7:19 pm | Last updated: May 9, 2016 at 7:19 pm

virat kohliബംഗളൂരു: ക്രിസ് ഗെയ്ല്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവരെ കഴിഞ്ഞ മത്സരങ്ങളില്‍ അന്തിമ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി വെളിപ്പെടുത്തി. ഗെയ്‌ലിനു പകരം ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് മധ്യനിരയ്ക്ക് കരുത്ത് പകരാനാണ്. ഹെഡിന്റെ പാര്‍ട്ട് ടൈം ബൗളിംഗ് മികവും ടീമിന് ഗുണം ചെയ്യുമെന്ന് കോഹ്‌ലി പറഞ്ഞു.

യുവതാരം സര്‍ഫ്രാസിന് വിനയാകുന്നത് അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിലെ ദൗര്‍ബല്യമാണ്. മികച്ച ഫീല്‍ഡറല്ലാത്തതാണ് സര്‍ഫ്രാസിനെ ഒഴിവാക്കാന്‍ കാരണമെന്നും മലയാളി താരം സച്ചിന്‍ ബേബി മികച്ച ഫീല്‍ഡറാണെന്നും നായകന്‍ പറഞ്ഞു. ഇന്ത്യയിലെ ഗ്രൗണ്ടുകളുടെ ഔട്ട്ഫീല്‍ഡ് വളരെ വേഗതയുള്ളതാണ്. വളരെ വേഗത്തില്‍ ഫീല്‍ഡില്‍ നീങ്ങുന്നയാളെ ടീമിന് ആവശ്യമാണ്. മികച്ച ഫീല്‍ഡിംഗ് മത്സരം വിജയിക്കാന്‍ നിര്‍ണായക ഘടകമാണെന്നും കോഹ്‌ലി പറഞ്ഞു.

കുഞ്ഞ് പിറന്നതിനാല്‍ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ഗെയ്ല്‍ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. ഗെയ്‌ലിന്റെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത കെ.എല്‍.രാഹുല്‍ കോഹ്‌ലിക്കൊപ്പം മികച്ച പ്രകടനം കൂടി പുറത്തെടുത്തതോടെ വിന്‍ഡീസ് താരത്തിന്റെ സാധ്യത അസ്തമിക്കുകയായിരുന്നു.