Connect with us

Ongoing News

ബി ജെ പി കള്ളപ്പണം ഒഴുക്കിയെന്ന് അസാം മുഖ്യമന്ത്രി

Published

|

Last Updated

ഗുവാഹത്തി: പ്രചാരണ ചെലവിന്റെ പേരില്‍ ബി ജെ പി അസാമില്‍ കള്ളപ്പണം ഒഴുക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി വെള്ളം പോലെ പണം ഒഴുക്കിയെന്നും ഇത് കള്ളപ്പണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

ബി ജെ പിയുടെ കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിമാരും അസാമിലെത്തി വ്യവസായികളുമായി ചില രഹസ്യ ധാരണകള്‍ ഉണ്ടാക്കിയെന്നും പ്രചാരണത്തിനുള്ള പണം ഇവരില്‍ നിന്നാണ് സ്വരൂപിച്ചതെന്നും ഗൊഗൊയ് സൂചന നല്‍കി. കോര്‍പ്പറേറ്റുകളുടെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു പ്രചാരണം നടത്താന്‍ ബി ജെ പിക്ക് സാധിക്കില്ലെന്നും ബി ജെ പിയുടെ കോര്‍പ്പറേറ്റ് ബന്ധം മനസ്സിലാക്കാനുള്ള ബുദ്ധി അസമിലെ ജനങ്ങള്‍ക്കുണ്ടെന്നും ഗൊഗൊയ് പരിഹസിച്ചു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തലുണ്ടായ പണം ഒഴുക്ക് അസമിലെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കള്ളപ്പണം നല്‍കിയവര്‍ അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരു മാസം കഴിഞ്ഞപ്പോഴാണ് ഗൊഗൊയിയുടെ ആരോപണം എന്നത് ശ്രദ്ധേയമാണ്. ഈ മാസം 19നാണ് ഫല പ്രഖ്യാപനം.
അതിനിടെ, മണ്ഡലങ്ങള്‍ തിരിച്ച് ബി ജെ പി നടത്തിയ തിരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയായി. 125 നിയമസഭാ സീറ്റില്‍ കഴിഞ്ഞ തവണ അഞ്ച് സീറ്റില്‍ ഒതുങ്ങിയിരുന്ന ബി ജെ പിക്ക് ഇപ്രാവശ്യം 89 സീറ്റ് കിട്ടുമെന്നാണ് നേതാക്കളുടെ അവകാശവാദം.

Latest