ഹരിയാനയില്‍ ലൈംഗികാതിക്രമം ഭയന്ന് 38 വിദ്യാര്‍ഥിനികള്‍ പഠനം നിര്‍ത്തുന്നു

Posted on: May 9, 2016 10:00 am | Last updated: May 9, 2016 at 10:00 am

rapeറെവാരി: ലൈംഗികാതിക്രമം ഭയന്ന് ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ 38 ഓളം വിദ്യാര്‍ഥിനികള്‍ പഠനം അവസാനിപ്പിക്കുന്നു. റെവാരി ജില്ലയില്‍പ്പെട്ട സുമാഖേര ഗ്രാമത്തിലെ വിദ്യാര്‍ഥിനികള്‍ക്കാണ് പഠനം ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നത്. ഒരേയൊരു പ്രൈമറി സ്‌കൂള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ഥികള്‍ അയല്‍ ഗ്രാമമായ ലാലയിലാണ് പോകുന്നത്. ഈ ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന സുമാഖേരയിവെ ഒരു വിദ്യാര്‍ഥിനി കഴിഞ്ഞ മാസം ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ ഈ സ്‌കൂളിലേക്ക് അയക്കാന്‍ ഭയപ്പെട്ടുതുടങ്ങിയത്. സ്‌കൂള്‍ പഠനം നിര്‍ത്തിയ ഈ വിദ്യാര്‍ഥികളും രക്ഷിതാക്കളം ഗ്രമാവാസികളും ഇപ്പോള്‍ സമരത്തിലാണ്. സ്വന്തം ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിനെ സീനിയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല ധര്‍ണ സംഘടിപ്പിക്കുമെന്ന് സുമാഖേര പഞ്ചായത്ത് ഭരണ സമിതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ഥികളുടെ സുരക്ഷിതമായ പഠന സാഹചര്യം ഒരക്കുന്നതിന് വേണ്ടി സുമാഖേര, ലാലാ ഗ്രാമങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അറിയിച്ചു. സുമാഖേരയിലെ പ്രൈമറി സ്‌കൂളിനെ യു പി ആയി ഉയര്‍ത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.