മോദിയുടെ രഹസ്യങ്ങള്‍ ഗാന്ധി കുടുംബത്തിന് അറിയാം: കെജ്‌രിവാള്‍

Posted on: May 9, 2016 12:38 am | Last updated: May 8, 2016 at 11:43 pm

kejriwalന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില രഹസ്യങ്ങള്‍ കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും അറിയാമെന്നുള്ളത് കൊണ്ടാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ കേസില്‍ സോണിയാഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ മോദി തയ്യാറാകാത്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, വ്യാജ ബിരുദം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസമാണ് അരവിന്ദ് കെജ്‌രിവാള്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവരുന്നത്. ‘മോദിയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഗാന്ധി കുടുംബത്തിന് അറിയാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി കുടുംബത്തിലെ ഒരംഗത്തിനെതിരെയും നടപടിയെടുക്കാന്‍ മോദി മുന്‍കൈയെടുക്കാത്തത് അതിനാലാണ്’- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ അവിശുദ്ധ ധാരണയുണ്ട്. കോപ്ടര്‍ ഇടപാടില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യില്ലെന്ന് ബി ജെ പിയും പകരമായി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കോണ്‍ഗ്രസും ധാരണയിലെത്തിയിട്ടുണ്ട്. കോപ്ടര്‍ ഇടപാട് അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധ റാലിക്കിടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമില്ലെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.