പ്രതീക്ഷകള്‍ കൈവിടാതെ മുന്നണികള്‍ ഒപ്പത്തിനൊപ്പം

Posted on: May 7, 2016 9:08 am | Last updated: May 7, 2016 at 9:08 am

കോട്ടക്കല്‍: മണ്ഡലത്തിലെ ഇരു സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം. കോട്ടക്കല്‍ നഗരസഭയിലും പൊന്മള, മാറാക്കര പഞ്ചായത്തുകളിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ഥികള്‍.
കോട്ടക്കല്‍ നഗരസഭയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആബിദ് ഹുസൈന്‍ തങ്ങല്‍ രണ്ടാം ഘട്ട പ്രചരണമാണ് പൂര്‍ത്തിയാക്കിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ് കുട്ടിയുടെ രണ്ടാംഘട്ട പ്രചരണം പത്തിന് നടക്കും. കുടുംബ യോഗങ്ങളും പൊതു പരിപാടികളുമാണ് ഇരു പക്ഷവും മുഖ്യമായും നടത്തുന്നത്. യു ഡി എഫിന്റെ പ്രചരണം മാറാക്കര പഞ്ചായത്തില്‍ മുഴങ്ങാണിയില്‍ നിന്നാരംഭിച്ച് എസി നിരപ്പില്‍ സമാപിച്ചു. ഇ ടി മുഹമ്മദ് ബശീര്‍ പ്രചരണത്തില്‍ പങ്കായി. പൊന്മള പഞ്ചായത്തില്‍ പറങ്കിമൂച്ചിക്കല്‍, തെക്കെപറമ്പ്, മാണൂര്‍, പൂവാട്, പള്ളട്ടൂര്‍, പള്ളിപ്പടി, മുട്ടിപ്പാലം, മേല്‍മുറി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കോട്ടക്കല്‍ നഗരസഭയിലെ പ്രചാരണം പാലപ്പുറയില്‍ നിന്നാണ് ആരംഭിച്ചത്. കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. വലിയപറമ്പ്, പാപ്പായി, വട്ടപ്പറമ്പ്, വില്ലൂര്‍, കൂരിയാട്, കാവതികളം, ആമപ്പാറ, ചൂനൂര്‍, മരവട്ടം, ആലിന്‍ചുവട്, സര്‍ഹിന്ദ് നഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. 23 കേന്ദ്രങ്ങളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. 15 കുടുംബ യോഗങ്ങളിലും പങ്കെടുത്തു.അടുത്ത പ്രചരണം 11ന് നടക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ് കുട്ടി നഗരസഭയില്‍ 25 കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. 18 കുടുംബയോഗങ്ങളിലും പങ്കെടുത്തു.
നഗരസഭയില്‍ സൂപ്പി ബസാറില്‍ നിന്നാരംഭിച്ച പര്യടനം ചങ്കുവെട്ടി കുണ്ട്, തോക്കാംപാറ, പുലിക്കോട്, കൈപ്പള്ളികുണ്ട്, കോട്ടപ്പടി, പൂഴിക്കുന്ന്, ആലിന്‍ചുട്, മദ്‌റസത്തുംപടി, മരവട്ടം, ഇന്ത്യനൂര്‍, പണിക്കര്‍കുണ്ട്, വില്ലൂര്‍, പാപ്പായി തുടങ്ങിയ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.
സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍, കുടിവെള്ളം തുടങ്ങിയ കാര്യങ്ങളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ പ്രാദേശിക നേതാക്കളും മറ്റും പ്രചരണത്തില്‍ പങ്കാവുന്നുണ്ട്. കോട്ടക്കല്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ പൊന്മള, മാറാക്കര എന്നിവിടങ്ങളില്‍ ആരും പ്രതീക്ഷകള്‍ കൈവിടുന്നില്ല. ഇത് കൊണ്ട് തന്നെ ഒപ്പത്തിനൊപ്പമാണ് ഇരു മുന്നണികളും ഇവിടെ പ്രചാരണ മുന്നേറ്റത്തില്‍.