ലീഗ് നല്‍കിയ വീടുകള്‍ക്ക് പട്ടയം ചോദിച്ചെത്തിയ ഗുജറാത്ത് ഇരകളെ ലീഗ്ഹൗസില്‍ തടഞ്ഞുവെച്ചു

Posted on: May 7, 2016 12:33 am | Last updated: May 7, 2016 at 12:33 am

കോഴിക്കോട്: ഉപയോഗ ശൂന്യമായ സ്ഥലത്ത് മുസ്‌ലിം ലീഗ് നിര്‍മിച്ച് നല്‍കിയ വീടുകള്‍ക്ക് പട്ടയവും രേഖയും ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ഗുജറാത്ത് വംശഹത്യാ ഇരകളെ ലീഗ്ഹൗസില്‍ തടഞ്ഞു.വെച്ചു ഇന്നലെ വൈകീട്ട് 3.30ഓടെ ലീഗ് ഹൗസില്‍ എത്തിയ ഇവരെ രാത്രി ഏഴരവരെ ഓഫീസിലിരുത്തി ഒരുറപ്പും നല്‍കാതെ ഇറക്കിവിടുകയായിരുന്നു.
വംശഹത്യയുടെ ഇരകള്‍ക്ക് സിറ്റിസണ്‍ നഗറില്‍ ലീഗ് നിര്‍മിച്ച് നല്‍കിയ വീടിന്റെ രേഖ ആവശ്യപ്പെട്ട് കോഴിക്കോട്ട് കുത്തിയിരിപ്പ് സമരത്തിന് എത്തിയവരാണ് പരാതിയുമായി എത്തിയത്. നിര്‍മിച്ച് നല്‍കിയ 40 വീടിനും പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നേതാക്കളെ കാണാനാണ് ഇരകളിലെ ഏതാനും പേര്‍ ലീഗ് ഹൗസിലെത്തിയത്.
ഭൂമിയുടെ രേഖ ആവശ്യപ്പെട്ട് ഇന്‍സാഫിന്റെ നേതൃത്വത്തില്‍ 20 പേരാണ് മുതലക്കുളത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.2002ലെ ഗുജറാത്ത് കലാപത്തില്‍ ഇരകളാകുകയും, വീടുകള്‍ അടക്കം സര്‍വതും നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങളിലെ 20 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലെത്തിയത്. 12 പുരുഷന്മാരും എട്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. തുടര്‍ന്നാണ് നിവേദനം നല്‍കാനായി ഏതാനും പേര്‍ ലീഗ്ഹൗസിലേക്ക് പോയത്. നേതാക്കള്‍ വരുമെന്ന് വിശ്വസിപ്പിച്ച് ഏറെ നേരം ഇവരെ ഓഫീസില്‍ ഇരുത്തുകയായിരുന്നു. ഓഫീസില്‍ വെച്ച് ഭീഷണിപ്പെടുത്തി സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍ സംഭവമറിഞ്ഞ് ഓഫീസിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ഇവരെ വിട്ടയച്ചത്. ഭൂമിയുടെ രേഖ ആവശ്യപ്പെട്ടപ്പോള്‍ രേഖ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്നാണ് ഇവരോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് സ്ഥലത്ത് നേരിട്ട് വരാമെന്നാണ് ലീഗ് നേതാക്കള്‍ അറിയിച്ചത്.
തങ്ങളെ ആരും ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന് വഴിയില്‍തള്ളിയതല്ലെന്ന് ഇരകള്‍ പറഞ്ഞു. വരവ് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമല്ലെന്നും ഒരു രഷ്ട്രീയപാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ ഇരകളാക്കപ്പെട്ട 40 കുടുംബങ്ങള്‍ക്കാണ് മുസ്‌ലിംലീഗ് വീട് നിര്‍മിച്ച് നല്‍കിയത്. അഹമ്മദാബാദ് നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും തള്ളുന്ന സിറ്റിസന്‍ നഗറിലെ ഗ്യാസ്പൂര്‍ പിരാനയിലാണ് ഇവരുടെ ഹൗസിംഗ് കോളനി. കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രതിദിനം 3200 മെട്രിക് ടണ്‍ മാലിന്യം തള്ളുന്ന സ്ഥലമാണിവിടെ. 200 സ്‌ക്വയര്‍ ഫീറ്റ് മാത്രം വലുപ്പമുള്ളതാണ് ഇവരുടെ കൂരകള്‍. പത്തിലധികം പേരാണ് ഓരോ കൂരയിലും താമസിക്കുന്നത്.
2004ലാണ് ഷാഹ് ആലം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ലീഗ് നിര്‍മിച്ച ഹൗസിംഗ് കോളനിയിലേക്ക് ഇവരെ പുനരധിവസിപ്പിച്ചത്. പ്രാദേശിക കോണ്‍ഗ്രസുകാരനായ നവാബ് ശരീഫ് ഖാന്റെ ഉടമസ്ഥയിലുള്ള നവാബ് ബില്‍ഡേഴ്‌സിനെയാണ് ലീഗ് വീടുകള്‍ നിര്‍മിക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും വീടിന്റെ രേഖകള്‍ നവാബ് ബില്‍ഡേഴ്‌സ് നല്‍കിയിട്ടില്ല. ഇതുകാരണം വീടുകള്‍ പുതുക്കിപ്പണിയാനോ, കൂട്ടിച്ചേര്‍ക്കാനോ സാധിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ മുസ്‌ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ അഹമ്മദുമായും നവാബ് ബില്‍ഡേഴ്‌സുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ നേരത്തേ പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയിലെ ഇരകളെ സഹായിക്കുന്നതിനായി കേരളത്തിനകത്തും പുറത്തുമായി വലിയ തോതില്‍ ഫണ്ട് പിരിച്ചാണ് ലീഗ് വീട് നിര്‍മിച്ച് നല്‍കിയത്.