ഇളകാത്ത കോട്ടയില്‍ കരുത്ത് തെളിയിക്കാന്‍

Posted on: May 7, 2016 4:55 am | Last updated: May 7, 2016 at 12:00 am

payyannurദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള മണ്ണാണ് പയ്യന്നൂര്‍. ഉപ്പുസത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം ആവേശമുണര്‍ത്തുന്ന കര്‍ഷക സമരങ്ങളും വിപ്ലവ പോരാട്ടങ്ങളും നടന്ന മണ്ണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒരുപോലെ പാരമ്പര്യമുള്ള പയ്യന്നൂരിന്റെ മണ്ണില്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നും മധുരമുള്ള വിജയങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സി പി എമ്മിനും മാത്രം അറിയപ്പെട്ടതായിരുന്നു. കേരളത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയാണ് പയ്യന്നൂര്‍. സി പി എമ്മിന്റെ ചുവന്ന മണ്ണ്. അതിനൊരു മാറ്റം, അതാണ് യു ഡി എഫ് ആഗ്രഹിക്കുന്നത്. തങ്ങളുടെ സാന്നിധ്യം തെളിയിക്കാനും ഉറപ്പിക്കാനും ബി ജെ പിയും മത്സരരംഗത്ത് ഉണ്ട്.
സിറ്റിംഗ് എം എല്‍ എയായ സി കൃഷ്ണന്‍ തന്നെയാണ് സി പി എമ്മിന് വേണ്ടി വീണ്ടും മത്സരിക്കുന്നത്. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്കുയര്‍ന്ന സി കൃഷ്ണന്‍ സാധാരണക്കാരുടെ കൃഷ്‌ണേട്ടനാണ്. അതുതന്നെയാണ് സി കൃഷ്ണന്‍ എന്ന തൊഴിലാളി നേതാവിന്റെ കരുത്തും. മണ്ഡലത്തിലുടനീളം സുപരിചിതനായ സി കൃഷ്ണനെ ഇത്തവണ നേരിടുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ യുവനേതാവായ സാജിദ് മൗവ്വലാണ്. പയ്യന്നൂര്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് സാജിദ് മൗവ്വല്‍.
ഇവര്‍ക്കെതിരെ ഇത്തവണ ബി ജെ പി വനിതാ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രനാണ് ബി ജെ പി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ സി കൃഷ്ണന്‍ 32,124 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇളകാത്ത ചുവന്ന മണ്ണില്‍ സി കൃഷ്ണനോട് മത്സരം കടുപ്പിക്കാന്‍ ഇത്തവണയും യു ഡി എഫും ബി ജെ പിയും ഏറെ വിയര്‍ക്കേണ്ടിവരും.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കരുണാകരന് 28,142 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5,019 വോട്ടുകള്‍ നേടിയ ബി ജെ പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ച് 7,877 നേടിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പയ്യന്നൂരില്‍ ഇടതുമുന്നണി മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയിരുന്നത്.
1965ല്‍ പയ്യന്നൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷം എല്ലാ തിരഞ്ഞെടുപ്പിലും ചുവപ്പിനെ മാത്രം വരിച്ച പാരമ്പര്യത്തിന് ഇത്തവണയും ഇളക്കമുണ്ടാകില്ലെന്നാണ് കരുന്നതെങ്കിലും കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫും ബി ജെ പിയും. പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ്, എരമം- കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, രാമന്തളി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പയ്യന്നൂര്‍ മണ്ഡലം. ഇതില്‍ ചെറുപുഴ പഞ്ചായത്ത് മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്. രാമന്തളി പഞ്ചായത്തിലെ ചില ഭാഗങ്ങളിലും യു ഡി എഫിന് സ്വാധീനമുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍ സ്ഥാനാര്‍ഥി നിര്‍ണയം വന്നയുടന്‍ പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ച് ഏറെ മുന്നിലെത്തിയിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആരെന്നറിയാന്‍ ഏറെ വൈകി. പയ്യന്നൂര്‍ ഘടകകക്ഷിക്ക് കൊടുക്കാന്‍ വരെ ചര്‍ച്ചയുണ്ടായിരുന്നു. ഇത് പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വല്‍ സ്ഥാനാര്‍ഥിയാകുകയായിരുന്നു.
പയ്യന്നൂരിലെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയം വികസനമാണ്. പയ്യന്നൂരില്‍ റോഡ് പരിഷ്‌കരണവും നവീകരണവും ഉള്‍പ്പെടെ ഒരു വികസനവും നടക്കുന്നില്ലെന്നാണ് യു ഡി എഫ് വോട്ടര്‍മാര്‍ക്കിടയില്‍ പ്രധാനമായും സൂചിപ്പിക്കുന്നത്. പാര്‍ട്ടിഗ്രാമങ്ങളടക്കം ഏറ്റവും പിന്നാക്കമായി കിടക്കുന്ന പ്രദേശങ്ങളാണ് പയ്യന്നൂരിലുള്ളത്. പറയത്തക്ക ഒരു വികസനവും മണ്ഡലത്തില്‍ നടന്നിട്ടില്ലെന്ന് യു ഡി എഫ് ആരോപിക്കുന്നു. എന്നാല്‍, പയ്യന്നൂരിനോട് യു ഡി എഫ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിച്ചതെന്നും പയ്യന്നൂര്‍ താലൂക്കും മിനി സിവില്‍ സ്റ്റേഷനും ഇതിന് ഉദാഹരണമാണെന്നും എല്‍ ഡി എഫ് പറയുന്നു. പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ചെങ്കിലും പ്രാവര്‍ത്തികമാക്കിയില്ല. മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തനം തുടങ്ങാനായില്ല. റോഡ് വികസനം മാത്രമല്ല മണ്ഡലത്തിലെ അടിസ്ഥാന സൗകര്യം, കുടിവെള്ള വിതരണം തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചകളാണ്. പയ്യന്നൂരിലെ വികസനവും സമാധാനവും തന്നെയാണ് ബി ജെ പിയും മുഖ്യവിഷയമായി ഉയര്‍ത്തുന്നത്. മൂന്ന് മുന്നണികളും സക്രിയമായിത്തന്നെ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ്. ചുവപ്പ് കോട്ടയാണെങ്കിലും യു ഡി എഫും ബി ജെ പിയും ഊര്‍ജിതമായി മത്സരരംഗത്ത് പ്രവര്‍ത്തിക്കുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ടും കുടുംബയോഗത്തില്‍ പങ്കെടുത്തും തിരക്കില്‍ തന്നെയാണ് എല്‍ ഡി എഫും.