ജിഷ വധം: തിരിച്ചറിയല്‍ പരേഡ് നടത്തും

Posted on: May 6, 2016 11:50 pm | Last updated: May 6, 2016 at 11:50 pm

JISHAപെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്താനായി തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടിവരുമെന്ന് ഡി ജി പി സെന്‍കുമാര്‍. ഇന്നലെ രാത്രി കുറുപ്പംപടിയിലെത്തി ജിഷയുടെ വീട് പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയുടെ അടുത്ത് വരെ അന്വേഷണം എത്തിയിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കുകയാണ് തിരിച്ചറിയല്‍ പരേഡിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡി ജി പി പറഞ്ഞു. ലഭ്യമായ തെളിവുകള്‍ പ്രതിയുമായി ബന്ധിപ്പിക്കുന്നതിന്റെ കാലതാമസം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചോദ്യം ചെയ്യലിന്റെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നും അവരുടെ പേരുകള്‍ പുറത്ത് പറയുന്നത് ശരിയല്ലെന്നും ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം അവസാനഘട്ടത്തിലായതോടെയാണ് ഡി ജി പി ജിഷയുടെ വീട് സന്ദര്‍ശിച്ചതെന്നാണ് സൂചന. തുടര്‍ന്ന് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ എ ഡി ജി പിമാരുള്‍പ്പെടെയുളള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. തെളിവുകള്‍ പൂര്‍ണമായി ലഭിച്ച ശേഷമേ അറസ്റ്റ് പാടുള്ളൂവെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ട്. ഉന്നതതല യോഗത്തിനെത്തിയ ഡി ജി പിക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.
അതേസമയം, നേരത്തേ കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇന്നലെ തിരിച്ചുവാങ്ങി. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് അടക്കമുള്ള തെളിവുകളാണ് കുറുപ്പംപടിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പോലീസ് കൈപ്പറ്റിയത്. ചെരിപ്പ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടേതാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക.
കൊലപാതകം സാന്ദര്‍ഭികമായി സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നും എ ഡി ജി പി. കെ പത്മകുമാര്‍ പറഞ്ഞു. ഇതുവരെയുളള നിഗമനമനുസരിച്ച് കൊലപാതകത്തിന് പിന്നില്‍ ഒരാളാണുള്ളത്. സംശയമുള്ള നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.