ഇന്ത്യയുടെ ‘താര അക്ഷര്‍’ സാക്ഷരത പദ്ധതി വൈസ് അവാര്‍ഡ് അന്തിമ ചുരുക്കപ്പട്ടികയില്‍

Posted on: May 6, 2016 5:51 pm | Last updated: May 6, 2016 at 5:51 pm

ദോഹ: ഇന്ത്യയുടെ ‘താര അക്ഷര്‍’ ലിറ്ററസി പ്രോഗ്രാം വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍ (വൈസ്) അവാര്‍ഡിനുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍. മറ്റ് 14 പദ്ധതികളും പട്ടികയിലുണ്ട്. ആഗോളതലത്തിലെ പ്രധാന വിദ്യാഭ്യാസ വെല്ലുവിളികള്‍ക്കുള്ള നൂതനവും കാര്യക്ഷമവുമായ സമീപനങ്ങള്‍, ലോകത്തെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും വിധം മാറ്റങ്ങളുടെ ശൃംഖല സ്ഥാപിക്കല്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് അവാര്‍ഡ്.
ബ്രസീലിലെ ഗീകീ, ഫ്രാന്‍സിന്റെ ഐഡിയാസ് ബോക്‌സ്, മെക്‌സിക്കോയുടെ സ്‌പോര്‍ട്‌സ് ഫോര്‍ ഷെയറിംഗ്, ദക്ഷിണ കൊറിയയുടെ സ്മാര്‍ട്ട് റോബോട്ട് കോഡിംഗ് സ്‌കൂള്‍, സഊദി അറേബ്യയുടെ ഗ്ലോവര്‍ക്, സ്‌പെയിന്‍/ ലാറ്റിന്‍ അമേരിക്ക എന്നിവയുടെ ലൈറ്റ്‌സ് ഫോര്‍ ലേണിംഗ്, ദക്ഷിണാഫ്രിക്കയുടെ പാര്‍ട്‌ണേഴ്‌സ് ഫോര്‍ പോസ്സിബിലിറ്റി, യു എസ് എ/ ചാഡ് എന്നിവയുടെ ലിറ്റില്‍ റിപ്പിള്‍സ്, കാനഡയുടെ ജംപ് മാത്, യു എസ് എ/ നൈജീരിയ എന്നിവയുടെ യൂത്ത് ഫോര്‍ ടെക്‌നോളജി അക്കാദമി, പരാഗ്വേയുടെ സോനിഡോസ് ഡി ലാ തീര, ചൈനയുടെ വണ്‍കെജി ബോക്‌സ്, ലബനോന്റെ എജുക്കേഷന്‍ ഫോര്‍ ഗ്രോത്ത് ആന്‍ഡ് വാല്യൂ ക്രിയേഷന്‍ ഇന്‍ ലബനോന്‍, ബോസ്‌നിയ. ഹെര്‍സഗോവിനയുടെ ഫ്രം പപ്പറ്റ്‌സ് ടു എംപവര്‍മെന്റ് എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് പദ്ധതികള്‍.
വേള്‍ഡ് ബേങ്ക് ഹ്യൂമന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (മഗ്‌രിബ്) ലീഡര്‍ കമാല്‍ ബ്രഹാം, യു എസ് എയിലെ ഐ ഐ ഇ സെന്റര്‍ ഫോര്‍ അക്കാദമിക് മൊബിലിറ്റി റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രജിക ഭണ്ഡാരി, 2009ലെ വൈസ് അവാര്‍ഡ് നേടിയ ഘാനയില്‍ നിന്നുള്ള മാമ സിംബി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോയ്‌സി അകുമാ ഡോംഗോതിപാദി എന്നിവര്‍ അടങ്ങിയ പ്രി ജൂറിയാണ് ഈ പദ്ധതികളെ തിരഞ്ഞെടുത്തത്. 2009ലാണ് വൈസ് അവാര്‍ഡ് ആരംഭിച്ചത്.