യുദ്ധക്കുറ്റം: ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു

Posted on: May 6, 2016 7:42 am | Last updated: May 6, 2016 at 2:43 pm
മുതീഉര്‍റഹ്മാന്‍
മുതീഉര്‍റഹ്മാന്‍

ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ബംഗ്ലാദേശിലെ മുതിര്‍ന്ന നേതാവിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. തന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുതീഉര്‍റഹ്മാന്‍ നിസാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് വധശിക്ഷ ശരിവെച്ച് കൊണ്ട് കോടതി ഉത്തരവിട്ടത്. ബംഗ്ലാദേശും പാക്കിസ്ഥാനുമായുണ്ടായ 1971ലെ യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളും അണികളും പങ്കെടുത്തതായി കണ്ടെത്തിയിരുന്നു. സുരേന്ദ്രകുമാര്‍ സിന്‍ഹ ഹെഡായ നാലംഗ സുപ്രീം കോടതി ബഞ്ച് ഇദ്ദേഹത്തിന്റെ ഹരജി തള്ളിക്കളയുകയായിരുന്നു.
കൊലപാതകം, ബലാത്സംഗം, ബുദ്ധിജീവികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകള്‍ മുതീഉര്‍റഹ്മാനെതിരെ ഉണ്ട്. വിധിപ്രസ്താവത്തിന് മുന്നോടിയായി ബംഗ്ലാദേശിലെ നഗരങ്ങളില്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. സുപ്രീം കോടതിക്ക് ചുറ്റും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് തയ്യാറാക്കിയിരുന്നത്. വിധി കേള്‍ക്കുന്നതിന് മുതീഉര്‍റഹ്മാന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നതിനാല്‍ ഇദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല. കാശിംപൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇദ്ദേഹത്തെ തടവില്‍ വെച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ വിധി വന്ന ഉടനെ പ്രതികരണവുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തി. സര്‍ക്കാര്‍ നടപ്പാക്കുന്ന കൊലപാതകത്തിന്റെ ഭാഗമാണെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം. ഈ മാസം എട്ടിന് ദേശവ്യാപകമായ ബന്ദിനും പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രസിഡന്റിന്റെ ദയാഹരജിയില്‍ മാത്രമാണ് ഇനി മുതീഉര്‍റഹ്മാന്റെ പ്രതീക്ഷ. എന്നാല്‍ 1971ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന രണ്ട് മുതിര്‍ന്ന ജമാഅത്ത് നേതാക്കളുടെ ദയാഹരജി പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു.